കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ഐ.സി.യുവിൽ പീഡനത്തിന് ഇരയായ യുവതി പൊലീസിന് സമർപ്പിച്ച എല്ലാ പരാതികളിലും കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ അലംഭാവമുണ്ടായ സാഹചര്യത്തിലാണ് കമീഷണർ ഓഫിസിന് മുന്നിൽ അതിജീവിതക്ക് സമരം ചെയ്യേണ്ടിവന്നതെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിയിൽനിന്ന് വിശദീകരണം തേടിയിരുന്നു.
2023 മാർച്ച് 18ന് തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷമാണ് ആശുപത്രിയിലെ മെയിൽ അറ്റൻഡറിൽ നിന്ന് അതിജീവിതക്ക് ലൈംഗികാതിക്രമം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തു. ജൂൺ എട്ടിന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2023 ജൂലൈ 27ന് അതിജീവിത ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയിൽ മെഡിക്കൽ കോളജ് അസി. കമീഷണർ അന്വേഷണം നടത്തിയിരുന്നു.
മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് അതിജീവിത നൽകിയ പരാതികളിലും അന്വേഷണം നടത്തിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണങ്ങളുടെയെല്ലാം റിപ്പോർട്ടുകൾ അതിജീവിതക്ക് നൽകി. തുടർന്ന് പൊലീസ് കമീഷണർ ആസ്ഥാനത്ത് അതിജീവിത നടത്തിയ സമരം അവസാനിപ്പിച്ചുവെന്നും അതിജീവിതക്കുനേരെ പൊലീസിന്റെ ഭാഗത്തുനിന്ന് മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.