കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മണ്ഡലം മാറുമ്പോഴും കൊടുവള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് അണികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. യു.ഡി.എഫും എൽ.ഡി.എഫും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മാർച്ച് 23-ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ, ലീഗ് നേതൃത്വം ഇന്ന് നിർണായക തീരുമാനമെടുക്കുമെന്നാണ് സൂചന. മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർഥികളായി വരേണ്ടതില്ലെന്ന ശക്തമായ നിലപാടിലാണ് കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം.
ഇക്കാര്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിക്കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹങ്ങളോ ഉൾപ്പോരോ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രതയിലാണ് ലീഗ്. വിജയ സാധ്യതക്കൊപ്പം പ്രവർത്തകരുടെ വികാരം കൂടി പരിഗണിച്ചുള്ള ഒരു പേരാകും പ്രഖ്യാപിക്കപ്പെടുക എന്ന് കരുതുന്നു. മുസ്ലിം ലീഗ് ആരെയാകും കളത്തിലിറക്കുക എന്ന് നോക്കിയതിന് ശേഷം മാത്രം തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് എൽ.ഡി.എഫ് നീക്കം. ഇത്തവണയും സി.പി.എം ചിഹ്നത്തിൽ മത്സരിക്കാതെ മണ്ഡലത്തിൽ സ്വാധീനമുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥിയെയാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്. ലീഗിലെ സ്ഥാനാർഥി നിർണയത്തിൽ അസംതൃപ്തരായി പുറത്തുവരുന്ന വിമതരെ ഒപ്പം കൂട്ടി 2016ലെ ചരിത്രം ആവർത്തിക്കാനാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ പ്ലാൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ ഇരുമുന്നണികളെയും ചിന്തിപ്പിക്കുന്നതാണ്. 2011ൽ ലീഗിലെ വി.എം. ഉമ്മർ 16,552 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2016 ൽ ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട കാരാട്ട് റസാഖ് ഇടത് സ്വതന്ത്രനായി മത്സരിക്കുകയും 573 വോട്ടിന്റെ അട്ടിമറി ജയം നേടുകയും ചെയ്തു. 2021 ൽ ഡോ. എം.കെ. മുനീറിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. കാരാട്ട് റസാഖിന്റെ പരീക്ഷണം വീണ്ടും ഉണ്ടാകുമോ അതോ പുതിയൊരു സ്വതന്ത്ര മുഖത്തെ എൽ.ഡി.എഫ് അവതരിപ്പിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.