കാലവർഷം എത്തിയതോടെ കടലും പ്രക്ഷുബ്ധമായി തുടങ്ങി. കോഴിക്കോട് കോന്നാട് നിന്നുള്ള ദൃശ്യം
കോഴിക്കോട്: അതിതീവ്രമഴയിൽ ഞായറാഴ്ച ജില്ലയിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതോടെ കാലവർഷക്കെടുതിയിൽ മരണം അഞ്ചായി. കലിതുള്ളിയെത്തിയ കഴിഞ്ഞ ദിവസത്തെ മഴയിൽ മരണത്തിനു പുറമെ പരക്കെ നാശനഷ്ടവുമുണ്ടായി. കുണ്ടായിതോടിൽ ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ ശിവൻകോവിൽ സ്ട്രീറ്റ് വിരുദ്നഗർ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനുമാണ് മരിച്ചത്.
മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകമായി കൃഷി നശിച്ചു. ദിവസങ്ങൾക്ക് മുമ്പ് വിത കഴിഞ്ഞ പാടശേഖരങ്ങൾ മുതൽ കൊയ്തു കൂട്ടിയ നെല്ലുവരെ കനത്ത മഴയിൽ നശിച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി കമ്പികളിൽ വീണതിനെത്തുടർന്ന് വലിയ നഷ്ടമാണ് ഇത്തവണ കെ.എസ്.ഇ.ബിക്കും സംഭവിച്ചത്. മണ്ണിടിഞ്ഞും മരങ്ങൾ മുറിഞ്ഞുവീണും നിരവധി വീടുകളും കെട്ടിടവും തകര്‍ന്നു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണവും രൂക്ഷമാണ്.
കനത്ത മഴ സാധാരണ ജീവിതത്തെ ബാധിച്ചു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കൂലിത്തൊഴിലാളികളുടെ ജോലിയെയും മഴ ബാധിച്ചു. നിർമാണമേഖല സ്തംഭിച്ചു. മലയോരത്തുള്ള നിരവധി പേരേ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായ വിലങ്ങാട് മഞ്ഞച്ചീളിലെ 19 കുടുംബങ്ങളെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി മുതൽ മലയോര മേഖലകളിൽ മഴ ശക്തമാവുകയും മലമുകളിൽ നിന്ന് നീരൊഴുക്ക് കൂടുകയും ചെയ്തതോടെ പലരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ചോമ്പാല മുതൽ കടലുണ്ടി വരെ കടൽക്ഷോഭം ശക്തമായിട്ടുണ്ട്. കോരപ്പുഴയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി. അരൂർ പെരുമുണ്ടശ്ശേരിയിൽ വീടിന്റെ മതിലിടിഞ്ഞ് കനത്ത നഷ്ടം. കുറ്റിയിൽ ഇഖ്ബാലിന്റെ വീടിന്റെ മതിലാണ് തകർന്നത്.
ചേളന്നൂർ എഴേ ആറ് ഭാഗത്ത് കനത്ത മഴയിൽ പുതുക്കുടി മീത്തൽ ശിവരാജന്റെ വീടിന്റെ പിറകുവശത്തെ മതിലിടിഞ്ഞ് അടുക്കളഭാഗം തകർന്നു. കൂടരഞ്ഞി കൂമ്പാറയിൽ വീടിന് മുകളിൽ മരം വീണു. നാദാപുരം ചേലക്കാട് - വില്യാപ്പള്ളി റോഡിൽ കുമ്മങ്കോട് പേരാൽമരം കടപുഴകി.
വിഷ്ണുമംഗലത്ത് വൈദ്യുതി ലൈനിന് മുകളിൽ തെങ്ങ് വീണ് വൈദ്യുതി മുടങ്ങി. വടകര താലൂക്കില്‍ കാവിലും പാറ മൂന്നാം കൈ തോടിന്റെ വശം ഇടിഞ്ഞത് കാരണം നാല് കുടുംബങ്ങളെ അടുത്തടുത്തുള്ള വീട്ടിലേക്ക് മാറ്റി. മാവൂര്‍ കടോടി ഓഡിറ്റോറിയത്തിന്റെ കോമ്പൗണ്ട് മതില് ഇടിഞ്ഞു വീണ് രജീഷ് എന്നയാളുടെ കാര്‍ തകര്‍ന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സ്കൂളുകള്‍, അംഗൻവാടികള്‍, മദ്റസകള്‍ തുടങ്ങിയവക്ക് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കരുതിയിരിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.