മിഠായിതെരുവിലെ തിരക്കിനിടയിൽ ദാഹമകറ്റുന്ന സ്ത്രീ
കോഴിക്കോട്: കൊടുംചൂടിൽ ചുട്ടുപൊള്ളി നാടും നഗരവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും ചൂടിന് ഒട്ടും കുറവില്ല. കോഴിക്കോട്ട് 35 ഡിഗ്രി സെൽഷ്യസിലേറെയാണ് അന്തരീക്ഷ ഊഷ്മാവ് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
മിന്നോലോടുകൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴ ഉണ്ടാകുമെങ്കിലും മേയ് 20വരെ സമാന രീതിയിലായിരിക്കും അന്തരീക്ഷ ഊഷ്മാവ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥവുമായ കാലാവസ്ഥയായിരിക്കും.
മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ, വയോജനങ്ങൾ, വെയിലത്ത് ജോലി ചെയ്യുന്നവർ, വളർത്തുമൃഗങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി ജാഗ്രത നിർദേശം ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവർക്കും യാത്രക്കാർക്കും സൂര്യാഘാത സാധ്യതയടക്കം മുൻനിർത്തി ആരോഗ്യ വകുപ്പും ബോധവത്കരണവുമായി രംഗത്തുണ്ട്. വേനൽ ചൂട് കനത്തതോടെ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കും സാധ്യത ഏറെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീപിടിത്ത ജാഗ്രത നിർദേശവുമുണ്ട്.
നഗര പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 11നും ഉച്ചതിരിഞ്ഞ് മൂന്നിനും ഇടയിലാണ് സൂര്യന് ഉച്ചസ്ഥായിയിലാകുന്നത്. ഈസമയം താപനില ഉരുന്നതിനൊപ്പം അന്തരീക്ഷ ഈര്‍പ്പം കൂടിയാകുമ്പോൾ ചൂട് അസഹ്യമാവുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. കുളങ്ങൾ, കൈത്തോടുകൾ അടക്കമുള്ള ജലാശയങ്ങൾ മിക്കതും വറ്റിവരണ്ടതോടെ കിണറുകളിലെ ജലനിരപ്പും പലയിടത്തും താഴ്ന്നിട്ടുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി, കുറ്റ്യാടി ജലസേചന പദ്ധതി കനാൽ തുറന്നതും ആശ്വാസമാണ്.
ചിലയിടങ്ങളിൽ നെല്ല്, വാഴ, തെങ്ങ് കൃഷിയെ വേനൽ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വിഷുവോടെ പൂർത്തീകരിച്ചതിനാൽ വലിയ പ്രതിസന്ധിയില്ല. ചൂട് കനത്തതോടെ പഴ വിപണിയിലാണ് വലിയ ഉണർവുള്ളത്. തണ്ണിമത്തൽ, ഓറഞ്ച്, പപ്പായ, മുന്തിരി, പൈനാപ്പിൾ, മാങ്ങ തുടങ്ങിയവക്ക് വലിയ ഡിമാൻഡാണ്.
പകൽ ചൂട് അസഹ്യമായതോടെ നിർമാണ മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരിലധികവും തൊഴിൽ സമയം ക്രമീകരിച്ചിട്ടുണ്ട്. ചൂട് വിവിധ വ്യാപാര മേഖലയെയും നേരിയ തോതിൽ ബാധിച്ചു. ഇതോടെ മിഠായിത്തെരുവ് അടക്കമുള്ള ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ഗ്രീൻ ഷേഡ് ഒരുക്കിയിട്ടുണ്ട്. വലിയങ്ങാടിക്ക് നേരത്തെ ഷീറ്റ് മേൽക്കൂരയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.