ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന കാസർകോട് സ്വദേശി ദീക്ഷിത്തിന്, ഹൃദയം നൽകിയ വിഷ്ണുവിന്റെ മാതാപിതാക്കൾ മധുരം നൽകുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. വി. നന്ദകുമാർ തുടങ്ങിയവർ സമീപം

മരിച്ചിട്ടും നിലക്കാത്ത ഹൃദയതാളമായി വിഷ്ണു; ദീക്ഷിതിന് ഇത് പുതുജന്മം

കോഴിക്കോട്: മരിച്ചുമണ്ണടിഞ്ഞ മകന്‍റെ ഹൃദയത്തുടിപ്പുകൾ വീണ്ടും അറിഞ്ഞപ്പോൾ കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണുവിന്‍റെ പിതാവ് സുനിൽ കുമാറും മാതാവ് ജിഷയും കണ്ണീരണിഞ്ഞു. കാസർകോട് സ്വദേശി ദീക്ഷിതിന്‍റെ നെഞ്ചോട് കാതുചേർത്തുവെച്ച് വിഷ്ണുവിന്‍റെ അച്ഛൻ മകനെ അറിഞ്ഞു. ബംഗളൂരുവിൽ വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 21കാരനായ വിഷ്ണുവിന് മാർച്ച് 11നു മസ്തിഷ്കമരണം സംഭവിക്കുകയും അവയവങ്ങൾ ദാനംചെയ്യാൻ രക്ഷിതാക്കൾ സമ്മതം നൽകുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് സർക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനംചെയ്തത്.

മെട്രോമെഡ് ഇന്‍റർനാഷനൽ കാർഡിയാക് സെൻററിൽ മാർച്ച് 12നാണ് ദീക്ഷിതിന്‍റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ദീക്ഷിതിന്‍റെ 15ാം പിറന്നാൾദിനമായിരുന്നു അവന് പുതുജന്മം ലഭിച്ചത്. സംസ്ഥാനത്ത് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ദീക്ഷിത് എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. വി. നന്ദകുമാർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന ദീക്ഷിതിനെ കാണാൻ രക്ഷിതാക്കൾക്കൊപ്പം വിഷ്ണുവിന്റെ സഹോദരി കൃഷ്ണപ്രിയയും എത്തിയിരുന്നു. ശസ്ത്രക്രിയ ദിവസം കാസർകോട്ടുനിന്ന് രണ്ടര മണിക്കൂർകൊണ്ട് കോഴിക്കോട് എത്താൻ ദീക്ഷിതിനെ സഹായിച്ച എം.പി രാജ്മോഹൻ ഉണ്ണിത്താനും സന്നിഹിതനായിരുന്നു.

ഇതുവരെ ഏഴു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്താൻ മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിന് കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ ഡോ. പി.പി. മുഹമ്മദ് മുസ്തഫ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഷലൂബ്, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. വി. നന്ദകുമാർ, ഡോ. റിയാദ്, ഡോ. ജലീൽ, ഡോ. അശോക് ജയരാജ്, ഡോ. വിനോദ്, ഡോ. ലക്ഷ്മി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - heart transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.