കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: തിരുവനന്തപുരത്ത് ഒരു മെഡിക്കൽ കോളജ് കൂടി സ്ഥാപിക്കുമെന്നാണ് ചുമതലയേറ്റതിനു പിന്നാലെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം. മലബാറിന്റെ പ്രധാന ചികിത്സാ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളജ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കാര്യം കോഴിക്കോട്ടുകാരനായ ആരോഗ്യമന്ത്രിയെ പ്രത്യേകം അറിയിക്കേണ്ട കാര്യമില്ല. വയനാട്, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിൽ നിന്നുപോലും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി രോഗികൾ എത്തുന്നുണ്ട്. എന്നാൽ, സൗകര്യങ്ങൾക്കിടയിലും മെഡിക്കൽ കോളജ് പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.
രോഗികളുടെ ബാഹുല്യവും അതിനനുസരിച്ച് ജീവനക്കാർ ഇല്ലാത്തതുമാണ് മെഡിക്കൽ കോളജ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. പുതിയ ബ്ലോക്കുകൾ വന്നിട്ടും പഴയ വാർഡുകളിലെ തിരക്കിന് കുറവൊന്നുമില്ല. രോഗികൾക്ക് നിലത്ത് കിടക്കേണ്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഹൗസ് സർജൻമാരുടെ കാലാവധി കഴിയുമ്പോൾ ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകുന്നു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പുതുതായി ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ പൂർണ രൂപത്തിലായിട്ടില്ല. ആവശ്യമായ ജീവനക്കാരില്ലാത്തതു തന്നെ കാരണം. കെട്ടിടത്തിന്റെ നിർമാണത്തിലെ അപാകതകളാണ് ഇവിടെ തീപിടിത്തത്തിന് കാരണമായതെന്നും ആരോപണമുയർന്നിരുന്നു. കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും മെച്ചപ്പെടുമ്പോഴും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേണിൽ മാറ്റംവരാത്തതിനാൽ ഡോക്ടർമാരും നഴ്സുമാരും ഇരട്ടി ജോലിഭാരം പേറേണ്ടിവരുന്നു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിന് എല്ലാവിധ ആധുനിക ചികിത്സ സംവിധാനങ്ങളും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഉണ്ട്. എന്നാൽ, ആവശ്യമായ ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. കുട്ടികളുടെ വിഭാഗത്തിലും ജീവനക്കാരുടെ പ്രതിസന്ധിയുണ്ട്. സ്പെഷൽ ന്യൂബോൺ കെയർ യൂനിറ്റിൽ ഒരു കുഞ്ഞിന് ഒരു നഴ്സ് എന്നാണ് കണക്ക്. നിലവിൽ ഇവിടെ മൂന്നുകുഞ്ഞുങ്ങൾക്ക് ഒരു നഴ്സ് ആണുള്ളത്. കൂടാതെ മഞ്ചേരിയിലെയും കണ്ണൂരിലെയും മെഡിക്കൽ കോളജുകളിൽ നിന്നു പോലും ഇവിടേക്ക് നവജാത ശിശുക്കളെ റഫർ ചെയ്യാറുണ്ട്.
മരുന്നുക്ഷാമമാണ് മറ്റൊന്ന്. വില കൂടിയ മരുന്നുകളൊന്നും മെഡിക്കൽ കോളജിലെ ഫാർമസിയിൽ കിട്ടാനില്ല. പലതും ഡോക്ടർമാർ പുറത്തേക്ക് എഴുതുകയാണ് പതിവ്. കുടിശ്ശിക തുക വർധിക്കുന്ന സാഹചര്യത്തിൽ മരുന്നു വിതരണ കമ്പനികൾ മരുന്നു വിതരണം നിർത്തിവെക്കുന്നതാണ് ഇതിന് കാരണം.
മെഡിക്കൽ കോളജിൽ ഒരു സ്കാനിങ് മെഷീൻ മാത്രമാണുള്ളത്. ഇതും രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്കാനിങ് റിപ്പോർട്ട് പെട്ടെന്ന് കിട്ടണമെങ്കിൽ സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കുകയേ മാർഗമുള്ളൂ. ഇതും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ പതിയേണ്ട അടിയന്തരവിഷയമാണ്. കാർഡിയോളജി, ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗങ്ങളിൽ സ്റ്റെന്റുകൾ, പേസ് മേക്കറുകൾ എന്നിവയുടെ കടുത്ത ക്ഷാമമുണ്ട്. ഹൃദ്രോഗ ശസ്ത്രക്രിയകൾക്കായി രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
വൃക്ക മാറ്റിവെക്കലിനുള്ള ശസ്‍ത്രക്രിയക്ക് കാത്തിരിക്കുന്ന രോഗികളും സമാന പ്രതിസന്ധി നേരിടുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഉപകരണങ്ങൾ കേടു വരുമ്പോൾ അറ്റകുറ്റപ്പണികൾ നടത്താൻ സ്ഥിരം ടെക്നീഷ്യൻമാരില്ല. പലപ്പോഴും കമ്പനി സ്റ്റാഫ് വരുന്നത് വരെ കാത്തിരിക്കണം.
2017ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് അന്നത്തെ സർക്കാർ പ്രഖ്യാപിച്ചത്. നിപ കേസുകൾ ആവർത്തിച്ച സാഹചര്യത്തിലായിരുന്നു അത്. 2019ൽ ഐ.സി.എം.ആർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വൈറോളജി ലാബിന്റെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നുവെങ്കിലും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. നിപ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇപ്പോഴും പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ആശ്രയിക്കുന്നത്. രോഗനിർണയത്തിന് ഇത് കാലതാമസവും വരുത്തുന്നു. കരാറുകാരും കേന്ദ്ര പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കങ്ങളാണ് വൈറോളജി ലാബിന്റെ പ്രവർത്തനം മന്ദഗതിയിലാകാൻ കാരണം. ലാബിന്റെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തിരുന്നു.
പുതിയ കെട്ടിടങ്ങൾ വരുമ്പോഴും മെഡിക്കൽ കോളജിന്റെ മുഖമെന്ന് പറയുന്ന പഴയ കാഷാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നവീകരണം നടന്നിട്ടില്ല. ഏറ്റവും കൂടുതൽ ബസുകൾ സർവിസ് നടത്തുന്ന പ്രദേശമാണിത്. ഇവിടെ ബസ്‍ സ്റ്റാൻഡ് വേണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. ആശുപത്രിക്കുള്ളിൽ അക്ഷയ കേന്ദ്രം വേണമെന്നതും മറ്റൊരു ആവശ്യമാണ്. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമിനായി രേഖകളുടെ പകർപ്പെടുക്കാൻ പുറത്തുള്ള അക്ഷയ സെന്ററുകളെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.