കോർപറേഷൻ ഓഫിസിന് മുന്നിൽ പരീക്ഷണാർഥം എത്തിച്ച മാലിന്യമിടാനുള്ള സംഭരണികൾ
കോഴിക്കോട്: മാലിന്യം പരമാവധി കുറക്കാനുള്ള ഒരുമാസത്തെ കാമ്പയിൻ കോർപറേഷൻ പരിധിയിൽ തുടങ്ങി. ദിവസവും ഒരു മണിക്കൂർ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാനുള്ള കോർപറേഷന്റെ ‘വൺ ഡേ, വൺ ഹവർ വൺ ആക്ഷൻ’ കാമ്പയിനാണ് ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പുതിയറ എസ്.കെ. പൊറ്റക്കാട്ട് ഹാളിൽ തിങ്കളാഴ്ച തദ്ദേശമന്ത്രി എം.ബി. രാജേഷ് ഓൺലൈനായി നിർവഹിക്കും.
വലിച്ചെറിയൽ മുക്ത നഗരമായി ഈ മാസം 31ന് പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് കാമ്പയിൻ. കോർപറേഷൻ കഴിഞ്ഞ വർഷ പദ്ധതിയിലുള്ള നഗരമെങ്ങും കുപ്പികളും കരിയിലകളും സംഭരിക്കാനുള്ള പാത്രങ്ങളും ഈ കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച 30 ലക്ഷത്തിന്റെ സ്റ്റീൽ കൊണ്ടുള്ള അഴക് ബിന്നുകളും ഒരുമാസത്തിനുള്ളിൽ സ്ഥാപിക്കാനാണ് ശ്രമമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ അറിയിച്ചു.
ആറിന് ബുധനാഴ്ച ഒരുമണിക്കൂർ കടകളടച്ച് സ്ഥാപനവും പരിസരവും ശുചീകരണം നടത്താനുള്ള ശുചിത്വ ഹർത്താൽ നടക്കും. കാമ്പയിന്റെ ഭാഗമായി ‘നഗരകാഴ്ച’കൾ എന്ന പരിപാടി വാർഡ് തലത്തിൽ നടന്നു.
മുമ്പ് നഗരമെങ്ങും മാലിന്യം നിക്ഷേപിക്കാനുള്ള തൊട്ടികൾ ഉണ്ടായിരുന്നു. നഗരത്തിലുള്ള മൊത്തം മാലിന്യം തരംതിരിക്കാതെ കൊണ്ടിട്ട് രൂക്ഷ ഗന്ധം പരത്തിയിരുന്ന തൊട്ടികൾ ഇല്ലാതായത്, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന നയം വന്നതോടെയാണ്. പഴയ മാലിന്യത്തൊട്ടിയിൽനിന്ന് വിഭിന്നമായി ആധുനികമായ സ്റ്റീൽ കൊണ്ടുള്ള ആയിരം ബിന്നുകളാണ് 35 ലക്ഷം രൂപ ചെലവിൽ നഗരമെങ്ങും ഒരുമാസത്തിനകം സ്ഥാപിക്കുക. ഇതോടൊപ്പം കരിയിലയും കുപ്പികളും ഇടാനായുള്ള കമ്പികൊണ്ടുള്ള പാത്രങ്ങളും വരും. ഇവയുടെ മാതൃക കരാറുകാർ കോർപറേഷൻ ഓഫിസിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാണ് 1000 മനോഹരമായ അഴക് ബിന്നുകൾ സ്ഥാപിക്കുക.
മാലിന്യ സംസ്കരണത്തിന് ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാനുള്ള ഒരു കോടിയുടെ പദ്ധതികൾ കോർപറേഷൻ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മലിനജല സംസ്കരണ പ്ലാന്റുകൾ പരീക്ഷണാർഥത്തിൽ നാലിടത്ത് സ്ഥാപിക്കും. ബീച്ചിൽ കടൽപ്പാലം ഫ്രീഡം സ്ക്വയറിനടുത്തെ ഓട, പുതിയാപ്പ ഹാർബർ, സൗത്ത് ബീച്ച്, ബേപ്പൂർ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന എസ്.ടി.പി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. വാഹനത്തിൽ ഘടിപ്പിച്ച സഞ്ചരിക്കുന്ന സംസ്കരണ പ്ലാന്റാണിത്. ഇതോടൊപ്പം മാലിന്യം കൊണ്ടിടുന്ന സ്ഥലങ്ങളിൽ കോർപറേഷൻ കാമറ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കോഴിക്കോട്: മാലിന്യ സംസ്കരണം ഊർജിതമാക്കാൻ കോർപറേഷനിലെ മാലിന്യ സംസ്കരണ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗം തീരുമാനിച്ചു. സാനിറ്ററി വേസ്റ്റ് കളക്ഷൻ സെന്റർ, കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് കളക്ഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിട്ടുനൽകുന്നതിന് നടപടി സ്വീകരിക്കാൻ വകുപ്പ് തലവന്മാരോട് കലക്ടർ നിർദേശിച്ചു.
നിയമപരമായ ഇടപെടലിന്റെ ഭാഗമായി കനോലി കനാലിലേക്ക് മലിനജലം ഒഴുക്കിവിടുന്ന എത്ര സ്ഥാപനങ്ങളിൽ എസ്.ടി.പി സ്ഥാപിച്ചു എന്നതിൽ കൃത്യത വരുത്തണം. ജില്ലയിലെയും സമീപപ്രദേശത്തെയും ഏജൻസികളെ പങ്കെടുപ്പിച്ചു ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിന് തീരുമാനിച്ചു. ബീച്ച് ശുചീകരണം അതിരാവിലെതന്നെ പൂർത്തീകരിക്കേണ്ടതുണ്ട്. റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം ശുചീകരണ പ്രവൃത്തി നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി സെക്രട്ടറി അറിയിച്ചു. ചിക്കൻ മാലിന്യങ്ങൾ എടുക്കുന്ന സ്ഥാപനം നൽകുന്ന തൂക്കത്തിലുള്ള ആധികാരികത സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെന്നു യോഗം വിലയിരുത്തി. ഇതിനായി ഒരു മൊബൈൽ ആപ്പ് നിർമിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി.
ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ജില്ല ജോയന്റ് ഡയറക്ടർ, കോർപറേഷൻ സെക്രട്ടറി കെ.യു ബിനി വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.