മുക്കം: നെഞ്ച് പൊട്ടുന്നുണ്ട്, ഹൃദയം നുറുങ്ങുന്നുണ്ട്, എന്തൊരു വിധിയാണിത്...! മുങ്ങിമരണങ്ങൾ തുടർക്കഥയായ കോഴിക്കോട് കിഴക്കൻ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുക്കം ഫയർ ഓഫിസർ എം.എ. ഗഫൂറിന്റെ വാക്കുകളാണിത്. തുടർച്ചയായ രണ്ട് ദിനങ്ങളിൽ നെഞ്ചുപൊട്ടി തകർന്നുവീണ രണ്ട് പിതാക്കന്മാരുടെ ദയനീയ മുഖം കണ്ട് മനസ്സ് വല്ലാതെ മരവിച്ച അവസ്ഥയിലാണ്, ഒന്ന് കൊടുവള്ളി മാനിപുരത്തെങ്കിൽ മറ്റൊന്ന് പുല്ലൂരംപാറ കുറുങ്കയത്ത് -ഗഫൂർ ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു. 18 വർഷം മുമ്പ് ഫയർ സർവിസിന്റെ ഭാഗമായ എം.എ. ഗഫൂർ ചൂരൽമല, കവളപ്പാറയടക്കം നിരവധി ജീവനുകൾ പൊലിഞ്ഞ ദുരന്തമുഖങ്ങളിൽനിന്ന് അനേകം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, പലപ്പോഴും സ്വയം വരുത്തിവെക്കുന്ന അപകടങ്ങൾ കാണുമ്പോൾ മനസ്സ് പിടിച്ചുനിർത്താനാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
‘‘കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിൽ മക്കളെ നഷ്ടപ്പെട്ട ആ രണ്ട് പിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെട്ട കരച്ചിലിന് പകരംനൽകാൻ ചേതനയറ്റ അവരുടെ മക്കളുടെ മൃതദേഹം മാത്രമായി അവരുടെ മുന്നിൽ നിൽക്കേണ്ടി വരുന്നൊരു നിസ്സഹായത അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ. ഏറക്കുറെ ഇതേ പ്രായമുള്ള മക്കളുള്ള ഒരു പിതാവല്ലേ ഞാനും. എന്ത് പറയും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട്. ജലാശയ അപകടങ്ങൾക്ക് അറുതി വരുത്താൻ നിരന്തരം ഇടപെടുന്നുണ്ട്. സമൂഹത്തെ ബോധവത്കരിക്കാൻ ലഭ്യമായ വേദികളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ തുടർച്ചയായി ബോധവത്കരണം നടത്തുന്നുണ്ട്. എന്നിട്ടും...’’ -എം.എ. ഗഫൂറിന്റെ പോസ്റ്റ് തുടരുന്നു.
കുട്ടികളെ നീന്തൽ പഠിപ്പിക്കാനും പരിചിതമല്ലാത്ത ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും ഒളിഞ്ഞുകിടക്കുന്ന അപകടം മറക്കാതിരിക്കാനും കുറിപ്പ് ഓർമപ്പെടുത്തുന്നു. ‘‘ഇതൊരപേക്ഷയാണ്, മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീര് കാണാൻപോലും ത്രാണിയില്ലാതാവുന്ന ഒരു രക്ഷാ പ്രവർത്തകന്റെ ദയനീയമായ അപേക്ഷ’’ എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.