ബീഹാറില്‍ നിന്നെത്തിയ 21 കുട്ടികളെ സ്വദേശത്ത് തിരിച്ചെത്തിച്ചു

കോഴിക്കോട്: മതിയായ രേഖകളില്ലാതെ ബീഹാറില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവരുടെ സ്വദേശങ്ങളിലെത്തിച്ചു. ബീഹാറിലെ കിഷന്‍ ഗഞ്ച് ജില്ലയില്‍നിന്ന് കേരളത്തിലെത്തിയ എട്ടിനും 14നും ഇടയില്‍ പ്രായമുള്ള 21 ആണ്‍ കുട്ടികളെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെട്ട് ജന്മനാട്ടില്‍ തിരിച്ചെത്തിച്ചത്.

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിവേക് എക്‌സ്പ്രസില്‍ ബീഹാര്‍ സ്വദേശികളായ രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടികളെത്തിയത്. ഇവരുടെ കൈവശം കുട്ടികളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതിരുന്നത് സംശയത്തിനിടയാക്കിയിരുന്നു. കുട്ടികളെ കോഴിക്കോട്ടുള്ള ഒരു സ്ഥാപനത്തിലേക്ക് കൊണ്ടു വരികയാണെന്ന വിവരം ഇവരില്‍നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരിഗണനയിലേക്ക് അയച്ചത്.

കിഷന്‍ഗഞ്ച് ജില്ലയുടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ കുട്ടികളുടെ വീടുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ബീഹാറില്‍നിന്ന് കുട്ടികളുടെ ബന്ധുക്കള്‍ കമ്മിറ്റി മുമ്പാകെയെത്തി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചാണ് കുട്ടികളെ തിരികെ നാട്ടിലേക്കയച്ചത്. ഷിജി എ റഹ്മാന്‍ ചെയര്‍പേഴ്‌സണായും അഷ്റഫ് കാവില്‍, ഡോ. നൂര്‍ജഹാന്‍, കെ.ബി സ്മിത, വി.ബി അഖില്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് കുട്ടികളെ സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.

Tags:    
News Summary - 21 Children from Bihar Repatriated to Their Home State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.