തീപിടിത്തമുണ്ടായ ഗോകുലം മാളിൽ ക്ലീനിങ് ജോലിയിൽ ഏർപ്പെട്ട ജീവനക്കാർ
കോഴിക്കോട്: അരയിടത്തുപാലം ഗോകുലം മാളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ തീപിടിത്തം. നെസ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ തിങ്കളാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മാളിൽനിന്ന് പുറത്തിറങ്ങുകയും അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ബീച്ചിൽനിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങളെത്തി തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. 2.68 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷസേന അറിയിച്ചു.
തീ പടർന്നതിനു പിന്നാലെ മാളിലാകെ പുക വ്യാപിച്ചത് ആശങ്കക്കിടയാക്കി. മീഞ്ചന്തയിൽനിന്ന് മെഷീനെത്തിച്ച ശേഷമാണ് മാളിനുള്ളിലെ പുക ഒഴിവാക്കിയത്. അഗ്നിബാധ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മാളിനുള്ളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ പുറത്തേക്കിറങ്ങാൻ ശ്രമിച്ചയാൾ ലിഫ്റ്റിൽ കുടുങ്ങി. അഗ്നിരക്ഷസേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. അസി. സ്റ്റേഷൻ ഓഫിസർ കെ. കലാനാഥ്, പി. രാജീവൻ, അനീഷ്, പി. സജീത്കുമാർ, എം.വി. ശ്രീരാഗ്, ശ്രീഹരി, കെ. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മെഡി. കോളജ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.