സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോഴിക്കോട് പരപ്പിൽ എം.എം സ്കൂളിലെ ക്ലാസ് മുറി അധ്യാപകരും ജീവനക്കാരും വൃത്തിയാക്കുന്നു
കോഴിക്കോട്: ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. പെയിന്റടിച്ച് മനോഹരമാക്കിയും അറ്റകുറ്റപ്പണി നടത്തിയും പരിസരം വൃത്തിയാക്കിയും സ്കൂളുകൾ തയാറാവുകയാണ്. പ്രവേശനോത്സവത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. മേയ് 25ന് സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കുമെങ്കിലും അതിനു മുമ്പുതന്നെ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും തുടങ്ങിക്കഴിഞ്ഞു.
സ്കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കുന്നുണ്ട്. കിണർ വൃത്തിയാക്കൽ, ടാങ്ക് കഴുകൽ എന്നീ പണികൾ മഴക്കു മുമ്പേ പൂർത്തിയായി. സ്കൂൾ തുറക്കുന്നതിനുമുമ്പ് വെള്ളം പരിശോധനക്ക് നൽകി ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം. ബ്ലാക് ബോർഡ്, ഫർണിച്ചർ എന്നിവ അറ്റകുറ്റപ്പണി നടത്തുക, പൊളിഞ്ഞ നിലം നിരപ്പാക്കുക, ദ്വാരങ്ങൾ അടക്കുക എന്നീ ജോലികൾ നടക്കുകയാണ്. സ്കൂളുകൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നതുമൂലം ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. പൈപ്പും ടാപ്പുകളും അറ്റകുറ്റപ്പണി നടത്തൽ, അടുക്കള ശുചീകരണം, ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങൾ വൃത്തിയാക്കൽ എന്നിവയും നടക്കുന്നുണ്ട്. അപകടകരമായ രീതിയിലുള്ള മരങ്ങളോ ചില്ലകളോ ഉണ്ടെങ്കിൽ അതെല്ലാം വെട്ടിമാറ്റുന്നുണ്ട്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തുന്നുണ്ട്.
വിദ്യാർഥികൾ സ്കൂളിലെത്തുന്നതിനൊപ്പം എത്താറുള്ള മഴ ഇത്തവണ നേരത്തേ എത്തിയതുമൂലം സ്കൂൾ അധികൃതരും ചില ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പെയിന്റടിച്ച് ക്ലാസുകൾ മോടിപിടിപ്പിക്കണമെന്ന് കരുതിയ ചിലർക്ക് അതിനൊരുങ്ങാൻ കഴിയുന്നതിനു മുമ്പേയാണ് മഴയെത്തിയത്. സ്കൂളുകളിൽ ഇന്ന് ശുചീകരണ ദിനം ആചരിക്കുമ്പോൾ ക്ലാസ് മുറികൾ കഴുകുക, സ്കൂൾ പരിസരത്തെ കാട് വെട്ടിത്തെളിക്കുക, ചപ്പുചവറുകൾ വാരി തീയിടുക തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുക. രക്ഷിതാക്കൾ, നാട്ടുകാർ, സന്നദ്ധസംഘടനകൾ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.