മരുന്നു വില വർധന; ചികിത്സച്ചെലവ് കുത്തനെ ഉയരും

കോഴിക്കോട്: മരുന്നുവില വർധന സാധാരണക്കാര‍ന്റെ ജീവിതത്തെ രൂക്ഷമായി ബാധിക്കും. ഹൃദ്രോഗത്തിനുള്ള മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ എന്നിവയുടെ വില വർധിക്കുന്നതാണ് സാധാരണക്കാരെ ഏറ്റവും അധികം ബാധിക്കുക. ഈ രണ്ട് ഇനങ്ങളിൽ ഉൾപ്പെടുന്ന മരുന്നുകൾ ജീവിതാവസാനം വരെ എന്നപോലെ ഉപയോഗിക്കേണ്ടവയാണ്.

നിലവിൽതന്നെ വിവിധതരത്തിലാണ് മരുന്നുകളുടെ വില. ഹൃദ്രോഗ ചികിത്സയിൽ 50 പൈസയുടെ ആസ്പിരിൻ മുതൽ ഗുളിക ഒന്നിന് 70 രൂപ വില വരുന്ന ബ്രില്ലിന്‍റ പോലുള്ള മരുന്നുകൾ ഉണ്ട്. ഹൃദ്രോഗത്തിന് പല മരുന്നുകൾ കഴിക്കേണ്ടി വരും. ദിവസവും ശരാശരി 250-300 രൂപയുടെ മരുന്നുകൾ ആവശ്യമാണ്. ഇടത്തരം വിലയുള്ള മരുന്നുകളാണ് കഴിക്കുന്നതെങ്കിൽപോലും ഒരുമാസം 7000 രൂപ വരെ ചെലവഴിക്കേണ്ടി വരും. സാധാരണക്കാരനായ മനുഷ്യർക്ക് ഇപ്പോൾതന്നെ വരുമാനത്തിന്റെ ഭൂരിഭാഗവും മരുന്നു വാങ്ങാൻ ചെലവിടേണ്ട അവസ്ഥയാണ്. 10.7 ശതമാനം വില വർധനകൂടി നിലവിൽ വരുന്നതോടെ ചികിത്സച്ചെലവ് കുത്തനെ ഉയരും.

ചില ഡോക്ടർമാർ ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകളാണ് എഴുതുക. അവക്കാണെങ്കിൽ ഇതിലും വലിയ വില നൽകേണ്ടി വരും. പല രോഗികളും മരുന്നിന്റെ വില താങ്ങാനാകാത്തതിനാൽ ഓരോ ദിവസവും വന്ന് അന്നന്നത്തേക്കുള്ള മരുന്നുകൾ വാങ്ങുകയാണ് ചെയ്യാറെന്ന് മെഡിക്കൽ ഷോപ്പുടമകൾ പറയുന്നു. നേരത്തേ, വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ടതിനാൽ മാത്രം വില കുറഞ്ഞവയാണ് പല ഹൃദ്രോഗ മരുന്നുകളും.

ഹൃദ്രോഗ മരുന്നുകൾക്ക് മാത്രമല്ല, സ്റ്റെന്‍റ് ഉൾപ്പെടെയുള്ള 100ഓളം വരുന്ന ഉപകരണങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജിൽപോലും ഹൃദ്രോഗ ശസ്ത്രക്രിയകൾക്ക് ലക്ഷങ്ങൾ ചെലവാകുന്ന സമയത്ത് സ്റ്റെന്‍റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വില വർധനയും രോഗികളെ രൂക്ഷമായി ബാധിക്കും.

രക്തസമ്മർദ മരുന്നുകൾ വലിയ ചെലവുള്ളതല്ലെങ്കിലും കാലങ്ങളോളം കഴിക്കേണ്ടിവരുന്നതാണ് ആളുകൾക്ക് ബുദ്ധിമുട്ടാവുന്നത്. ശരാശരി 30 രൂപ ചെലവാക്കിയാൽ ഒരു ദിവസത്തേക്ക് രക്തസമ്മർദ മരുന്നുകൾ ലഭ്യമാകും. എന്നാൽ, ദിവസവും കഴിക്കേണ്ട മരുന്നുകൾക്ക് ഉണ്ടാകുന്ന വിലവർധന രോഗികളെ വലക്കും.

അതേസമയം, വിലവർധന ഉപഭോക്താക്കൾക്ക് പെട്ടെന്ന് അനുഭവപ്പെടുകയില്ല. നിലവിൽ സ്റ്റോക്കുള്ള മരുന്നുകൾ തീർന്നശേഷം വരുന്ന പുതിയ മരുന്നുകൾക്കായിരിക്കും വിലവർധന.

Tags:    
News Summary - Drug price hike; The cost of treatment will rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.