കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ സർവത്ര ഇരട്ടിപ്പ്. ഒരേ ഐ.ഡി കാർഡ് നമ്പറിൽതന്നെ അഞ്ചും ആറും പേരാണ് വോട്ടർപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
ജെ.ടി.എൽ 1601111 എന്ന നമ്പറിൽ ആറു വോട്ടർമാരാണ് കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളത്. പുതിയാപ്പ ചേരിക്കുഴി പറമ്പിൽ സോമൻ (40), കോട്ടക്കൽക്കണ്ടി പി.കെ. രാഗിണി (36), പീറ്റോളിപ്പറമ്പ് സി. ശ്രദ്ധ (23), പീറ്റോളിപ്പറമ്പ് ധന്യ (43), പീറ്റോളിപ്പറമ്പ് സി.പി. മനോജ് (53), പീറ്റോളിപ്പറമ്പ് സി.പി. ആകാശ് എന്നിവരാണ് ഈ ആറു പേർ. ജെ.ടി.എൽ 1606771 ലും ഉണ്ട് ആറുപേർ. കെ.എൽ/04/022/366119 ൽ നാലുപേരും ജെ.ടി.എൽ 160234 ൽ മൂന്നുപേരും ജെ.ടി.എൽ 1750900 ൽ മൂന്ന് പേർ... എന്നിങ്ങനെ നീളുന്നു വോട്ടർ പട്ടികയിലെ ആവർത്തനങ്ങളുടെ നിര.
മാത്രമല്ല വർഷങ്ങൾക്ക് മുമ്പ് മരിച്ച നൂറുകണക്കിന് പേരും വോട്ടർ പട്ടികയിലുണ്ട്. കോർപറേഷൻ 39 വാർഡ് മീഞ്ചന്തയിൽ മൂന്നാം നമ്പർ ബൂത്തിൽ ക്രമനമ്പർ 263 ഏനു, ക്രമനമ്പർ 4 വീരാൻ കോയ എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്. കരട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വേണ്ടത്ര പരിശോധന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് പരാതികളുടെ പ്രളയം. മാത്രമല്ല, പല വാർഡുകളിലെയും നൂറുകണക്കിന് വോട്ടർമാരെ കൂട്ടത്തോടെ മറ്റ് വാർഡുകളിൽ ചേർത്ത നിലയിലാണ്. കല്ലായ് വാർഡിൽ ഒന്നാം നമ്പർ ബൂത്തിലെ 1118- 1500 വരെയുള്ള 382 വോട്ടുകൾ തിരുവണ്ണൂർ വാർഡിലേതാണ്.
കല്ലായ് രണ്ടാം നമ്പർ ബൂത്തിലെ 1136 - 1574 വരെയുള്ള 438 വോട്ടുകൾ ആഴ്ചവട്ടം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ്. അഞ്ചാം നമ്പർ ബൂത്തിലുള്ള 1053 വോട്ടുകൾ തിരുവണ്ണൂർ ബൂത്തിലേക്ക് മാറ്റേണ്ടതാണ്. മീഞ്ചന്ത വാർഡിലെ 1404 വോട്ടുകൾ പന്നിയങ്കര വാർഡിലാണുള്ളത്. വാർഡ് കൗൺസിലർമാർ അടക്കമുള്ളവർ വോട്ടർ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. പോളിങ് ബൂത്തുകളുടെ എണ്ണം കുറക്കുന്നതിന് ഒരു ബൂത്തിലെ വോട്ടർമാരുടെ പരമാവധി എണ്ണം 1000ൽനിന്ന് 1500 ആക്കിയപ്പോൾ വോട്ടർമാരുടെ പുനഃക്രമീകരിക്കുന്നതിലും വൻ തോതിൽ വീഴ്ചകൾ സംഭവിച്ചു.
ഉള്ള്യേരി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ 3, 10 വാര്‍ഡുകളിലെ ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നടുവണ്ണൂര്‍ പഞ്ചായത്തില്‍ നിലവിലുണ്ടായിരുന്ന നിരവധി വോട്ടര്‍മാരുടെ പേരുകള്‍ പുതിയ ലിസ്റ്റില്‍ ഇല്ല. കൊടുവള്ളി മുനിസിപ്പാലിറ്റിയിലും നിരവധി ക്രമകേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആക്ഷേപമുള്ളവർക്ക് ഈ മാസം ഏഴ് വരെ പരാതി നൽകാം. എന്നാൽ ഈ സമയം വളരെ പരിമിതമാണെന്നും രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.