കോഴിക്കോട്: വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരമായി നഗരത്തിൽ ഡോഗ് പാർക്കിന് കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. അനുയോജ്യമായ സ്ഥലം ലഭിച്ചാൽ നായ്ക്കളെ പ്രത്യേകം താമസിപ്പിക്കുന്ന രീതിയിലുള്ള പാർക്ക് സജ്ജമാക്കും.
ആക്രമണകാരിയായ തെരുവുനായ്ക്കൾ, രോഗമുള്ളവ, വന്ധ്യംകരണം പൂർത്തിയാക്കിയവ തുടങ്ങിയവക്ക് വേണ്ടിയാണ് പാർക്ക് ഒരുക്കുന്നത്. സ്ഥലം ലഭ്യമാക്കുന്നതിന് ഉടൻ താൽപര്യ പത്രം ക്ഷണിക്കാനും തീരുമാനിച്ചു.
നഗരത്തിൽ തെരുവുനായ് ശല്യം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടു.
2024-25 ബജറ്റിൽ നിർദേശിച്ച പദ്ധതിയാണ് പൂർത്തീകരിക്കാനൊരുങ്ങുന്നത്. നഗരത്തിലോ പുറത്തോ ജനവാസം കുറഞ്ഞ സ്ഥലമാണ് പദ്ധതിക്കായി പരിഗണിക്കുക. ചുവരുകൾ കെട്ടി, പ്രത്യേകം വലിയ കൂടുകളിലാക്കിയാവും നായ്ക്കളെ സംരക്ഷിക്കുക.
അതേസമയം നഗരത്തിൽ ആറു വർഷത്തിനുള്ളിൽ 14,483 നായ്ക്കളെയാണ് എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പ്രകാരം വന്ധ്യംകരിച്ചതെന്ന് കോർപറേഷൻ വെറ്ററിനറി ഡോ. ശ്രീഷ്മ കൗൺസിലിൽ അറിയിച്ചു. 2019 ലാണ് കോർപറേഷനിൽ എ.ബി.സി പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് 2018 ൽ നടത്തിയ സർവേയിൽ 13,182 തെരുവുനായ്ക്കളാണ് ഉണ്ടായിരുന്നതെന്നും ശ്രീഷ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.