കോഴിക്കോട്: എസ്.ഐയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നതിനുപിന്നാലെ എസ്.ഐയെ സ്ഥലം മാറ്റരുതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കാമ്പയിൻ തുടങ്ങി. പന്നിയങ്കര എസ്.ഐ കിരൺ കുമാറിനെ മാറ്റരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ ഒന്നടങ്കം രംഗത്തുവന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ഐ.ജി രാജ്പാൽ മീണക്ക് ഭീമഹരജിയും നൽകി.
രണ്ടുവർഷം മുമ്പാണ് തിരുവനന്തപുരം നേമം സ്വദേശിയായ കിരൺകുമാർ പന്നിയങ്കര സ്റ്റേഷനിൽ എസ്.എയായി ചുമതലയേറ്റത്. ലഹരി ഉപയോഗവും വിൽപനയും അടിച്ചമർത്താൻ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.ഐയെ നാട്ടുകാർക്ക് പ്രിയങ്കരനാക്കിയത്. ഫെബ്രുവരിയിൽ മാത്രം സ്റ്റേഷനിൽ 46 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും പിടികൂടിയത് എസ്.ഐ നേരിട്ടായിരുന്നു. ലഹരിക്കെതിരെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ ബോധവത്കരണത്തിനും വിദ്യാർഥികൾക്ക് ലഹരി കിട്ടുന്ന സാഹചര്യം ഒഴിവാക്കാനും ഫലപ്രദമായ ഇടപെടലും അദ്ദേഹം നടത്തി. നേരത്തെ ലഹരി വസ്തുക്കൾ സുലഭമായി ലഭിച്ചിരുന്ന ചാമുണ്ടിവളപ്പ്, ചക്കുംകടവ്, പയ്യാനക്കൽ, മാനാരി, തിരുവണ്ണൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിരന്തരം പരിശോധന നടത്തി. മാത്രമല്ല, മുമ്പ് ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരെയടക്കം നിരന്തരം നിരീക്ഷിച്ചും തുടർനടപടികൾ കൈക്കൊണ്ടു. എസ്.ഐ കിരൺ രാപ്പകൽ വ്യത്യാസമില്ലാതെ നേരിട്ട് പട്രോളിങ്ങിനിറങ്ങുന്നതാണ് ലഹരി മാഫിയകളെയടക്കം അമർച്ച ചെയ്യാൻ സഹായകമായത് എന്നാണ് നാട്ടുകാർ പറയുന്നത്.
എസ്.ഐയെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ ചെറുവിഭാഗമാണ് അടുത്തിടെ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഇതോടെയാണ് രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായി എസ്.ഐയെ മാറ്റരുതെന്നാവശ്യപ്പെട്ടും സ്റ്റേഷനിൽതന്നെ നിലനിർത്താനുമായി നാട്ടുകാർ പരസ്യമായി രംഗത്തിറങ്ങിയത്. ഇതിനോടകം അന്വേഷണ മികവിന് ഗുഡ് സർവിസ് എൻട്രിയടക്കം നേടിയ ഉദ്യോഗസ്ഥനാണ് കിരൺ കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.