കോഴിക്കോട്: ജില്ല വികസന സമിതി യോഗത്തിന് മുന്നോടിയായി വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലം തലത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ എല്ലാ മാസവും യോഗം ചേരാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. നിര്‍വഹണ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി പുരോഗതിയും തുടര്‍നടപടികളും ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ജില്ല വികസന സമിതി യോഗത്തിന്റെ അജണ്ട തീരുമാനിക്കുക. പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭരണാനുമതി ലഭിച്ചതും പ്രവൃത്തി ആരംഭിച്ചതുമായ എല്ലാ വികസന പദ്ധതികളും വേഗത്തിലാക്കാന്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനവും നടന്നു. ജില്ലയില്‍നിന്ന് 91 കോടി രൂപയുടെ 23 പദ്ധതികളാണ് നവകേരള സദസ്സ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 19 പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കാപ്പാട് കടല്‍ഭിത്തി നിര്‍മാണം, വായനാരി തോട് നവീകരണം എന്നീ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തി നീളുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വടകര മണ്ഡലത്തിലെ കടല്‍ഭിത്തി നിര്‍മാണത്തിന് അടിയന്തരമായി 10 ലക്ഷം അനുവദിക്കണമെന്ന് ജില്ല കലക്ടറോട് കെ.കെ. രമ എം.എല്‍.എ ആവശ്യപ്പെട്ടു. നാദാപുരം മണ്ഡലത്തിലെ മിക്ക പ്രവൃത്തികളും പാതി വഴിയിലാണെന്നും ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കെ.എം. അഭിജിത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ കൃത്യമായി നിര്‍വഹിക്കാത്ത കരാറുകാരെ ഒഴിവാക്കുകയോ അവരെക്കൊണ്ട് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിപ്പിക്കുകയോ വേണം. ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്തെ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
തിരുവമ്പാടി മണ്ഡലത്തിലെ പെരുമ്പൂള-നായാടംപൊയില്‍ റോഡ് പ്രവൃത്തിയും മണ്ഡലത്തിലെ കെ.എസ്.ടി.പി റോഡുകളുടെ അറ്റകുറ്റപ്പണിയും മന്ദഗതിയിലാണെന്നും ഇതില്‍ അടിയന്തര നടപടി വേണമെന്നും സി.കെ. കാസിം എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. കെ. ജയന്ത്, പാറക്കല്‍ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റര്‍, പി.കെ. ഫിറോസ്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്‍, ഫാത്തിമ തഹ് ലിയ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, എ.ഡി.എം പി. അഖില്‍, സബ് കലക്ടര്‍ എസ്. ഗൗതം രാജ്, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ആര്‍. രത്‌നേഷ്, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി. നായര്‍ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.