വിദ്യാർഥിയുടെ മരണം; മുങ്ങിമരണമെന്ന് പ്രാഥമികനിഗമനം

പുതിയങ്ങാടി: പത്താംക്ലാസ് വിദ്യാർഥിയെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം വെള്ളം കുടിച്ചാണെന്ന് പ്രാഥമിക നിഗമനം. അത്താണിക്കൽ പൂഴിയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന അബ്ദുല്ലയുടെ മകൻ മുഹമ്മദ് അസൈനാണ് (15) ഞായറാഴ്ച വീടീനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടത്.

മിന്നലേറ്റാണ് മരിച്ചതെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ഇതിന്റെ ലക്ഷണമൊന്നുമില്ലെന്ന് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാർ അറിയിച്ചിരുന്നു. ബീച്ച് ആശുപത്രിയിൽ എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ എലത്തൂർ പൊലീസ് ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടിമിന്നലേറ്റതിന്റെ ലക്ഷണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്നും വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങൾ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായുമാണ് റിപ്പോർട്ട്. ഫോറൻസിക് റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച വൈകീട്ട് മൂന്നോടെ വീട്ടിലെത്തിച്ചു. തുടർന്ന് പുതിയങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.കളിക്കൂട്ടുകാരൻ മരിച്ച ആണ്ടുദിനത്തിലാണ് മുഹമ്മദ് അസൈന്റെയും മരണം. പുതിയങ്ങാടി പറമ്പത്ത് കെ.വി. റഫീക്കിന്റെ മകൻ അബ്ദുൽഹക്കീം (11) മരിച്ചതിന്റെ ഒരുവർഷം തികയുന്ന ദിനമായിരുന്നു ഞായറാഴ്ച. കളി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ് പുതിയങ്ങാടി ബി.ഇ.എം.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായിരുന്ന ഹക്കീം മരിച്ചത്.

Tags:    
News Summary - Death of the student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.