കോഴിക്കോട്: ജില്ല സെക്രട്ടറി പദവിയിൽ മൂന്ന് ടേം പൂർത്തിയാക്കിയ പി. മോഹനൻ ഒഴിയുന്നതോടെ സി.പി.എമ്മിന്റെ ജില്ല നേതൃത്വം പിടിക്കാൻ പാർട്ടിയിലെ ഇരുചേരിയും കച്ചമുറുക്കി രംഗത്ത്. ഔദ്യോഗിക-വിമത പക്ഷങ്ങൾക്കുപകരം മുതിർന്ന നേതാക്കളുടെയും യുവനിരയുടെയും രണ്ടു ചേരികളാണിപ്പോൾ പാർട്ടിയിലുള്ളത്.
ജില്ല സമ്മേളനത്തിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുത്ത ഏരിയ സമ്മേളനങ്ങളിൽതന്നെ ചേരിതിരിഞ്ഞുള്ള ഇടപെടലുകൾ സജീവമായിരുന്നു. ആദ്യംനടന്ന വടകര ഏരിയ സമ്മേളനത്തിൽ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ്, പൊന്മേരി ലോക്കൽ കമ്മിറ്റി അംഗം ടി.പി. ദാമോദരൻ, നടക്കുതാഴ നോർത്ത് ലോക്കൽ സെക്രട്ടറി കെ. വത്സൻ, വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം വേണു കക്കട്ടിൽ എന്നിവർ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നാലെ നടന്ന മറ്റു ഏരിയ സമ്മേളനങ്ങളിലും ചരടുവലികളുണ്ടായെങ്കിലും സമവായത്തിലാണ് കമ്മിറ്റികളെ തെരഞ്ഞെടുത്തത്. അതേസമയം, കോഴിക്കോട് ടൗണിൽ ജില്ല കമ്മിറ്റി അംഗം പി. നിഖിലും, ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ നേതാവ് ടി.കെ. സുമേഷും യുവനിരയിൽനിന്ന് അപ്രതീക്ഷിതമായി സെക്രട്ടറിമാരായി.
പി. മോഹനനും എളമരം കരീമും നേതൃത്വം നൽകുന്ന മുതിർന്ന നേതാക്കളുടെ ചേരി കർഷക സംഘം ജില്ല സെക്രട്ടറികൂടിയായ കെ.കെ. ദിനേശനെയാണ് ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള യുവനിര കൺസ്യൂമർഫെഡ് ചെയർമാൻ കൂടിയായ എം. മെഹബൂബിന്റെ പേരും മുന്നോട്ടുവെക്കുന്നു.
വടകര താലൂക്കിലൊഴികെ ഏരിയ കമ്മിറ്റികളുടെ പിന്തുണ പൊതുവെ യുവനിരയുടെ ചേരിക്കാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നതും മെഹബൂബിന് ‘അനുകൂല’മായിവരുമെന്നാണ് ജില്ല കമ്മിറ്റിയിലെ ഉൾപ്പെടെ നേതാക്കളുടെ വിലയിരുത്തൽ.
സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാറിന്റെ പേരും ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടെങ്കിലും ‘സമവായ സെക്രട്ടറി’ എന്ന നിലവന്നാലേ അദ്ദേഹത്തിന് നറുക്കു വീഴൂ. അതിനിടെ പ്രദീപിനെ വെട്ടാൻ അദ്ദേഹത്തെ അടുത്തതവണ മേയറാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ജില്ല സെക്രട്ടറി കൂടിയായ എം. ഗിരീഷിന്റെ പേരും സെക്രട്ടറി ചർച്ചകളിൽ ചിലർ ഉയർത്തികൊണ്ടുവരുന്നുണ്ട്. ജില്ല സെക്രട്ടറിമാരിലൊരാൾ വനിതയാവണം എന്ന് തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം വന്നാൽ കെ.കെ. ലതികയല്ലാതെ മറ്റൊരുപേര് പാർട്ടിയുടെ മുന്നിലില്ല.
നിലവിലെ 45 അംഗ ജില്ല കമ്മിറ്റിയിൽനിന്ന് മുൻ എം.എൽ.എ കൂടിയായ ജോർജ് എം. തോമസിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ബ്രാഞ്ചിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. അവശേഷിക്കുന്നവരിൽ പ്രായം, ആരോഗ്യം എന്നിവ മുൻനിർത്തി ടി.പി. ദാസൻ, കെ. കുഞ്ഞമ്മദ്, പി. വിശ്വൻ, വി.പി. കുഞ്ഞികൃഷ്ണൻ, കെ. ദാസൻ, സി. ഭാസ്കരൻ എന്നിവരെയും സെക്രട്ടറിയായി പരിഗണിക്കുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ.കെ. ലതികയെയും ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയേക്കും.
പകരം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി. ഷൈജു, പ്രസിഡന്റ് എൽ.ജി. ലിജീഷ്, സൗത്ത് ഏരിയ സെക്രട്ടറി കെ. ബൈജു, കുന്ദമംഗലം ഏരിയ സെക്രട്ടറി പി. ഷൈപു, ലിന്റോ ജോസഫ് എം.എൽ.എ തുടങ്ങിയവർ പുതുതായി എത്താനാണ് സാധ്യത. വനിത അംഗങ്ങളുടെ എണ്ണം അഞ്ചിൽനിന്ന് ഉയരുകയും ചെയ്യും.
സമ്മേളനം 29 മുതൽ വടകരയിൽ
മുഖ്യമന്ത്രി മൂന്നുദിവസവും സമ്മേളനത്തിൽ തുടരും
കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനം ജനുവരി 29, 30, 31 തീയതികളിലായി വടകര നാരായണ നഗരത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ വാർത്തസമ്മേളത്തിൽ പറഞ്ഞു. 29ന് രാവിലെ പത്തിന് പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് സമാപനം കുറിച്ച് 31ന് വൈകീട്ട് വടകരയിൽ റെഡ് വളണ്ടിർ മാർച്ചും അരലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന റാലിയും നടക്കും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, എളമരം കരീം, പി.കെ. ശ്രീമതി, അഡ്വ. പി. സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.
പാർട്ടിയിൽ വനിതകളുടെ പങ്കാളിത്തം ഉദ്ദേശിക്കുന്ന തരത്തിൽ എത്തിയില്ലെങ്കിലും ഉയർന്നു. മതന്യൂനപക്ഷങ്ങൾക്കിടയിലടക്കം പാർട്ടിക്ക് സ്വീകാര്യത കൂടി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തേയും സംഘപരിവാരത്തിന്റെ വർഗീയതയെയും ഒരുപോലെയാണ് പാർട്ടി എതിർക്കുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. പ്രദീപ് കുമാർ, കെ.കെ. ലതിക, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.കെ. ദിനേശൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
സി.പി.എമ്മിന് 55,624 അംഗങ്ങൾ
കോഴിക്കോട്: ജില്ലയിലെ സി.പി.എം അംഗങ്ങളുടെ എണ്ണം 55,624 ആയി ഉയർന്നു. കഴിഞ്ഞ സമ്മേളനവുമായി താരതമ്യം ചെയ്യുമ്പോൾ ആറു ലോക്കൽ കമ്മിറ്റികളും 135 ബ്രാഞ്ച് കമ്മിറ്റികളും 4,037 അംഗങ്ങളുമാണ് വർധിച്ചത്. ഇപ്പോൾ 238 ലോക്കൽ കമ്മിറ്റികളും 4,501 ബ്രാഞ്ചുകളുമാണ് ജില്ലയിൽ സി.പി.എമ്മിനുള്ളത്. 22 ശതമാനമായിരുന്ന പാർട്ടിയിലെ വനിത പ്രാതിനിധ്യം 27.07 ശതമാനമായും ഉയർന്നു. നിലവിൽ 10 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും 395 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്.
2015ൽ വടകരയിൽ ജില്ല സമ്മേളനം നടക്കുമ്പോൾ 174 ലേക്കൽ കമ്മിറ്റികൾക്ക് കീഴിലെ 2,622 ബ്രാഞ്ചുകളിലായി 31,881 അംഗങ്ങളാണ് പാർട്ടിക്ക് ഉണ്ടായിരുന്നത്. പത്തുവർഷത്തിനിടെ 109 ലോക്കൽ കമ്മിറ്റികളും 1,879 ബ്രാഞ്ചകുകളും 23,813 അംഗങ്ങളുമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.