ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ അധ്യാപകേതര ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെ ഫാക്കൽറ്റി നിയമന വിജ്ഞാപനത്തിലും വിവാദം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇന്ത്യൻ നോളജ് സിസ്റ്റത്തിൽ (ഐ.കെ.എസ്) രണ്ടുപേരെ നിയമിക്കാനുള്ള തീരുമാനമാണ് വിവാദമായത്. കഴിഞ്ഞ സെപ്റ്റംബർ 30ന് ചേർന്ന ബോർഡ് ഓഫ് ഗവേണൻസ് തീരുമാനത്തിന് വിരുദ്ധമാണ് ഈ നിയമനം. നേരത്തേ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചവരെ സ്ഥിരപ്പെടുത്താനുള്ള വഴിവിട്ട നീക്കമാണ് പുതിയ സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതിന് പിന്നിലെന്നാണ് ആരോപണം.
പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയതോടെ എൻ.ഐ.ടിയിൽ നിലവിലുള്ള വിവിധ വകുപ്പുകൾക്ക് പുറമെ വിവിധ പഠന ചെയറുകളും രൂപവത്കരിച്ചിരുന്നു. വിവിധ വകുപ്പുകളിലെ അധ്യാപകർക്ക് തന്നെയാണ് ഇങ്ങനെ രൂപവത്കരിച്ച ചെയറുകളുടെയും ചുമതല. െറഗുലർ കോഴ്സുകൾക്ക് പകരം ഇന്റേൺഷിപ്, ഹ്രസ്വകാല കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും പരിശീലനങ്ങളുമാണ് അത്തരം ചെയറുകൾ നടത്തുന്നത്. വിവിധ വകുപ്പുകളിലെ അധ്യാപകർക്ക് പുറമെ വിസിറ്റിങ് ഫാക്കൽറ്റിയെയും താൽക്കാലിക അധ്യാപകരെയുമാണ് സ്ഥാപനത്തിന് ബാധ്യത ഇല്ലാത്തവിധം നിയമിക്കുന്നത്. എന്നാൽ, 66ാമത് ബോർഡ് ഓഫ് ഗവേണൻസ് മീറ്റിങ്ങിൽ ആറാമത്തെ അജണ്ടയായി ഇന്ത്യൻ നോളജ് സിസ്റ്റം ചെയറിൽ പുതുതായി രണ്ട് സ്ഥിരം അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനുള്ള വിഷയം അവതരിപ്പിച്ചിരുന്നു.
ഇത്തരം ചെയറുകളിൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിലെ അനൗചിത്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി സൂചിപ്പിച്ചതിനെ തുടർന്ന് നിലവിലെ വിസിറ്റിങ്, അഡ്ഹോക് ഫാക്കൽറ്റികളെ വെച്ച് സെന്റർ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, വിവിധ വകുപ്പുകളിൽ ഒഴിവുള്ള അധ്യാപക തസ്തികയിലെ സ്ഥിരം നിയമനത്തിനായി കഴിഞ്ഞ ദിവസം എൻ.ഐ.ടി രജിസ്ട്രാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പത്താമത്തെ തസ്തികയായി മൾട്ടി ഡിസിപ്ലിനറി ഏരിയാസ് എന്ന് ടാഗിൽ പുതുതായി ഉണ്ടാക്കിയ രണ്ട് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുകയായിരുന്നു. 88 തസ്തികകളിലേക്കാണ് ഈ വിജ്ഞാപനത്തിൽ അപേക്ഷ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.