കെ.എം. അഭിജിത്ത് എം.എൽ.എ, പുലിയെ കണ്ടതായി വെളിപ്പെടുത്തിയ ആളുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ആരായുന്നു
കായക്കൊടിയിലും പുലി ഭീതി: കാട്ടുപൂച്ചയെന്ന് വനം വകുപ്പ്; വിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല
കുറ്റ്യാടി: നാദാപുരം കുമ്മങ്കോട്ട് പുലിഭീതി നിലനിൽക്കെ കായക്കൊടിയിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തി. കായക്കൊടി ഹൈസ്കൂളിന് സമീപം കമ്മനോൽതാഴ, കോവുക്കുന്ന് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാത ജീവിയെ കണ്ടത്. കമ്മനോൽതാഴ ഒരു പെൺകുട്ടിയാണ് തോട്ടിന് സമീപത്തു കൂടി പുലിയെ പോലുള്ള ജീവി നടന്നു പോകുന്നതു കണ്ടത്.
ഇതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ, വനം വകുപ്പ് ഉദ്യോഗ്സ്ഥർ, ആർ.ആർ.ടി, ജനകീയ ദുരന്ത നിവാരണ സേന എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഒന്നും കാണാനായില്ല. തുടർന്ന് സമീപ പ്രദേശമായ കോവുക്കുന്നിൽ ബാബു എന്നാളുടെ വീട്ടിനടുത്ത് അജ്ഞാത ജീവിയെ കണ്ടതായ വാർത്തയെ തുടർന്ന് സംഘം അങ്ങോട്ടും പോയി തിരച്ചിൽ നടത്തി. അവിടെയും കണ്ടെത്താനായില്ല. പുലർച്ചവരെ ആളുകൾ കാത്തിരുന്നെങ്കിലും കാണാനായില്ല. പൊലീസും പഞ്ചായത്തും ജാഗ്രത നിർദേശം നൽകി.
പഞ്ചായത്ത്, പൊലീസ് എന്നിവരുടെ ആവശ്യ പ്രകാരം ബുധനാഴ്ച കായക്കൊടി ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി സ്കൂൾ, കോവുക്കുന്ന് എൽ.പി സ്കൂൾ, മദ്റസകൾ എന്നിവക്ക് അവധി നൽകി. കാൽപാടുകൾ പരിശോധിച്ചതിൽ ജീവി കാട്ടുപൂച്ചയാണെന്ന് ആർ.ആർ.ടി സംഘം അറിയിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു പറഞ്ഞു.
ഇതോടെ വനം വകുപ്പും ജനകീയമായും നടത്തി തിരച്ചിൽ നിർത്തി. കെ.എം. അഭിജിത്ത് എം.എൽ.എ രണ്ടുവീടുകളും സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, വൈസ് പ്രസിഡന്റ് കെ.ആർ. ഹാജറ, മെംബർമാരായ അശ്വതി, കെ.പി. ബിജു, വിവിധ പാർട്ടി നേതാക്കൾ എന്നിവർ അനുഗമിച്ചു. അതിനിടെ സ്വകാര്യ പറമ്പുകളും ജലസേചന പദ്ധതി മെയിൻ കനാലും കാടുപിടിച്ച് കിടക്കുന്നത് വന്യജീവികൾ സ്വൈര്യവിഹാരം നടത്താൻ ഇടയാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുലിയെ പിടിച്ചെന്ന് പൊലീസിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും
കുറ്റ്യാടി: കായക്കൊടിയിൽ നിന്ന് പുലിയെ പിടിച്ചതായി കുറ്റ്യാടി എസ്.ഐയുടെ പേരിൽ വ്യാജ സന്ദേശവും. എന്നാൽ, അങ്ങനെ ഒരു സന്ദേശം കുറ്റ്യാടി സ്റ്റേഷനിലെ എസ്.ഐമാരാരും അയച്ചിട്ടില്ലെന്നായിരുന്നു മറുപടി. പോസ്റ്റർ സന്ദേശം വ്യാജമാണെന്നറിയിച്ച് പൊലീസിന് പ്രത്യേകം സന്ദേശം ഇറക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.