പ്രതീകാത്മക ചിത്രം

വീടുകളിൽ ബാക്കിയാവുന്ന മരുന്നുകൾ; വിദ്യാർഥികളുടെ സർവേ ശ്രദ്ധേയം

കോഴിക്കോട്: വീടുകളിൽ ബാക്കിയാവുന്ന അലോപ്പതി മരുന്നുകളുടെ അശാസ്ത്രീയമായ സംസ്കരണം സംബന്ധിച്ച് വിദ്യാർഥികൾ നടത്തിയ പഠനം ശ്രദ്ധേയം. കായണ്ണ ഗ്രാമപഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉൾപ്പെടുത്തി കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 40 വിദ്യാർഥികൾ 20 സംഘങ്ങളായാണ് ഗൃഹതല സർവേ നടത്തിയത്. വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പു മരുന്നുപയോഗം നിർത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിധ്യം, അവയുടെ നിലവിലെ നിർമാർജനരീതികൾ, മരുന്നു മാലിന്യവുമായി ബന്ധപ്പെട്ട ബോധവത്കരണം, സുരക്ഷിതമായ തിരിച്ചെടുക്കൽ സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

പഠനത്തിൽ പങ്കെടുത്ത കുടുംബങ്ങളിൽ 62.4 ശതമാനത്തിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ ഉള്ളതായി കണ്ടെത്തി. 50.8 ശതമാനം കുടുംബങ്ങളിൽ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായി മരുന്നുകൾ ബാക്കിയാവുന്നു. 47.2 ശതമാനം പേർ ചികിത്സ പൂർത്തിയാകുന്നതിനു മുമ്പ് മരുന്നുപയോഗം നിർത്തിയ അനുഭവമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ വീട്ടിലുണ്ടെന്നോ അതിനെക്കുറിച്ച് ഉറപ്പില്ലെന്നോ 47.6 ശതമാനം കുടുംബങ്ങൾ അറിയിച്ചു.

ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകൾ കൈകാര്യം ചെയ്യുന്ന നിലവിലെ രീതികളിൽ 68.4 ശതമാനം കേസുകളിൽ സുരക്ഷിതമല്ലാത്ത രീതിയിലാണ് നിർമാർജനം ചെയ്യുന്നത്. മരുന്നുകൾ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്ന സംഘടിത സംവിധാനത്തിന് 93.2 ശതമാനം പേരും പിന്തുണ അറിയിച്ചപ്പോൾ, അത്തരമൊരു സംവിധാനം നിലവിൽ വന്നാൽ ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേരും അറിയിച്ചു. ബോധവൽകരണ പരിപാടികൾ ആവശ്യമാണെന്ന് 94.8 ശതമാനം കുടുംബങ്ങളും അഭിപ്രായപ്പെട്ടു.

സർവേ സംബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രോജക്ട് ഡയറക്ടർ ഡോ. പി.കെ. ഷാജി, കോഓഡിനേറ്റർ ഫസ്‍ല റഹ്മാൻ, പി.ടി.എ പ്രസിഡന്റ് സത്യൻ, വിദ്യാർഥി പ്രതിനിധികളായ അനഘ, പാർവണ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Student survey finds interesting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.