ദേ​ശീ​യ​പാ​ത​യി​ൽ ചോ​റോ​ട് മേ​ൽ​പാ​ല​ത്തിന് സമീപത്തെ ഗ​താ​ഗ​തക്കുരുക്ക്

കുരുക്കഴിയാതെ ചോറോട് മേൽപാലം; യാത്രാദുരിതത്തിന് അറുതിയില്ല

വടകര: ദേശീയപാതയിൽ ചോറോട് മേൽപാലത്തിലെ യാത്രാദുരിതത്തിന് അറുതിയാവുന്നില്ല. മേൽപാലത്തിലെ കുഴികൾ വേണ്ടരീതിയിൽ നികത്താത്തതാണ് ദേശീയപാത അഴിയാക്കുരുക്കായി മാറാൻ ഇടയാക്കുന്നത്. നേരത്തേയുണ്ടായിരുന്ന വലിയ കുഴികൾ നികത്തിയതോടെ അങ്ങിങ്ങായി രൂപപ്പെട്ട ചെറിയ കുഴികളാണ് കുരുക്കിനിടയാക്കുന്നത്.

റോഡിന്റെ ഉപരിതലത്തിൽനിന്ന് ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് ഭാഗങ്ങളടക്കം ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനാൽ വാഹനങ്ങളുടെ വേഗം ഈ ഭാഗത്ത് കുറയുകയും ദേശീയപാത സ്തംഭിക്കുന്ന സ്ഥിതിയിലെത്തുകയുമാണ് പതിവ്.

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത ഗതാഗതക്കുരുക്കിലമർന്ന് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്തത് വൻ അത്യാഹിതത്തിന് വഴിവെക്കുന്നു. കഴിഞ്ഞ ദിവസം കെ.ടി ബസാറിൽനിന്ന് അത്യാസന്ന രോഗിയുമായി സ്വകാര്യ വാഹനത്തിൽ മൂന്നു കിലോമീറ്റർ ദൂരമുള്ള വടകരയിലെ ആശുപത്രിയിലെത്താൻ അരമണിക്കൂറോളം എടുത്തു. ഇതിനിടെ രോഗി മരിച്ചു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ നിരവധി ജീവനുകൾ ദേശീയപാതയിൽ ഹോമിക്കപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ദേശീയപാത നിർമാണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് പതിവാണ്. എന്നാൽ, രൂക്ഷമായ ഗതാഗത സ്തംഭനമുണ്ടാവുന്ന ഭാഗങ്ങളിൽ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Tags:    
News Summary - chorod over bridge; There is no end to the travel woes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.