ചെങ്ങോടുമല: പാരിസ്ഥിതികാനുമതി ഇന്ന് പരിഗണിക്കും, തടസ്സഹരജിയുമായി സമരസമിതി

കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്സ് പ്രൊഡക്ട് കമ്പനി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ നൽകിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. അനുമതി നൽകരുതെന്നാവശ്യപ്പെട്ട് സമരസമിതിയിലെ നാലു പേർ കേന്ദ്രസമിതി ചെയർമാൻ ഉൾപ്പെടെ 15 അംഗങ്ങൾക്കും ഹരജി നൽകിയിട്ടുണ്ട്.
കൂടാതെ സമരസമിതി ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. നേരത്തെ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല ഖനനത്തിന് അനുമതി നൽകരുതെന്ന് ശിപാർശ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമ്പനി കേന്ദ്ര സമിതിയെ സമീപിച്ചത്. ഖനനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം - പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് 10,000 ഇ-മെയിൽ അയക്കുന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
സ്കൂൾ - കോളജ് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ ഇതിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്ത് പഠനം നടത്തിയ സർക്കാർ ഏജൻസികളെല്ലാം ചെങ്ങോടു മലയിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രം അനുമതിനൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിസ്ഥിതിദുർബല പ്രദേശമായ ചെങ്ങോടുമലയിൽ ഖനനം നടന്നാൽ കോട്ടൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ 3000 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.
Tags:    
News Summary - chengottumala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.