കോഴിക്കോട് എൻ.ഐ.ടിയിൽ നിർമാണം പൂർത്തിയാകുന്ന സിന്തറ്റിക് ട്രാക്
കായികമേള കളറാക്കാൻ ഒരുക്കം;ഒക്ടോബര്‍ 25 മുതല്‍ 31 വരെയാണ് സംസ്ഥാന കായിക മേള
കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ഇത്തവണ ചരിത്ര സംഭവമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഉദ്ഘാടനത്തിനൊരുങ്ങിനിൽക്കുന്ന ദേശീയ നിലവാരമുള്ള എൻ.ഐ.ടിയുടെ ബ്രാൻഡ് ന്യൂ സിന്തറ്റിക് ട്രാക്കാണ് മത്സരത്തിന്റെ പ്രധാനവേദി എന്നതിനാൽ ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായുള്ള മേള വേറിട്ടതാകും. 15 വർഷത്തെ ഇടവേളക്കുശേഷമാണ് കോഴിക്കോട് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്നത്. കായികമാണെങ്കിലും കലയാണെങ്കിലും മത്സരം കോഴിക്കോടാണെങ്കിൽ നാട്ടുകാർ അത് നെഞ്ചേറ്റുമെന്ന ആത്മവിശ്വാസം വിദ്യാഭ്യാസ വകുപ്പിനുമുണ്ട്. ഒരു ജില്ലയിൽനിന്ന് ശരാശരി മുന്നൂറോളം കായിക പ്രതിഭകൾ പങ്കെടുക്കും. പതിനായിരത്തോളം കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി മത്സരിക്കും.
43 കോടിയിലധികം രൂപ ചെലിട്ടാണ് എൻ.ഐ.ടിയിൽ സ്റ്റേഡിയം നിർമിക്കുന്നത്. പ്രവൃത്തി അവസാന ഘട്ടത്തിലാണ്. സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടത്തും വിധമാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 450 മീറ്റർ സിന്തറ്റിക് ട്രാക്കിൽ എട്ടു ട്രാക്കുകളുണ്ട്. ലോങ് ജംപ്, ഹൈജംപ് പിറ്റുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
പടിഞ്ഞാറുഭാഗം ഫൈവ് സ്റ്റെപ് ഗാലറിയാണ് നിർമിച്ചിരിക്കുന്നത്. കായിക മേളയോടനുബന്ധിച്ച് താത്കാലിക ഗാലറിയും നിർമിക്കാൻ ആലോചനയുണ്ട്. അത്ലറ്റിക്സിന് പുറമെ അക്വാട്ടിക്സ്, കരാട്ടേ, വുഷു, യോഗ, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്കറ്റ്ബാള്‍, നെറ്റ്ബാള്‍, ത്രോബാള്‍, സോഫ്റ്റ്ബാള്‍, ബേസ്ബാള്‍, ടഗ് ഓഫ് വാര് തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫുട്ബാള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ പ്രത്യേക ഷെഡ്യൂളില്‍ പിന്നീട് നടക്കും. ജില്ലകളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്കൊപ്പം ഗള്‍ഫ് നാടുകളിലെ മലയാളി സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും മേളയില്‍ മാറ്റുരക്കും. നഗര ഹൃദയത്തിലല്ല വേദി എന്നതിന്റെ പരിമിതി മുൻകൂട്ടി കാണുന്നുണ്ട്. വിവിധ ജില്ലകളിൽനിന്ന് എത്തുന്ന പല അത്ലറ്റുകളും അധ്യാപകരും രക്ഷിതാക്കളും മുറികൾ എടുത്താണ് താമസിക്കാറുള്ളത്.
നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലമുള്ളത് യാത്രക്കും താമസത്തിനും ചില പരിമിതികൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തുന്നുണ്ട്. വിദ്യാർഥികൾക്ക് താമസമൊരുക്കാൻ സമീപത്തെ സ്കൂളുകളുടെ എണ്ണക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മികച്ച സൗകര്യമൊരുക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
പുതിയ റെക്കോഡുകൾ പിറക്കുന്നതും മികച്ച പ്രകടനങ്ങളും നേരിൽ കാണാൻ സമീപ ജില്ലകളിൽനിന്ന് കാണികളുടെ ഒഴുക്ക് സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികളുടെ കായികപരമായ അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് ആവിഷ്കരിച്ച ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് കേരള സ്കൂള്‍ കായികമേള ആദ്യ രണ്ടു ദിവസം നടക്കും. സ്കൂൾ കായികമേള ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ജില്ല സ്കൂൾ കായികമേള പെട്ടെന്നു നടത്താനുള്ള ഒരുക്കങ്ങളും നടക്കുകയാണ്. ജില്ലയിൽ മൂന്നു വിദ്യാഭ്യാസ ജില്ലകളിലെയും 13 ഉപജില്ലകളിലെയും കായികമേളകൾ സെപ്റ്റംബർ അവസാന വാരത്തിലും ഒക്ടോബർ ആദ്യ വാരത്തിലും പൂർത്തിയാക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.