സി.പി. ജോൺ
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനം കാത്തിരിക്കുന്നത് 500ഓളം ആളുകൾ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുൾപ്പെടെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ആശ്രിത നിയമന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ ഉറപ്പുനൽകിയിരുന്നു. രണ്ടുഘട്ടമായി നിയമന നടപടികൾ പൂർത്തിയാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ആദ്യഘട്ടത്തിൽ 259 പേർക്ക് നിയമനം നൽകാനായിരുന്നു തീരുമാനം. രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്നവർക്കും നിയമനം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് മരിച്ച ജീവനക്കാരുടെ കുടുംബങ്ങളെ സന്ദർശിച്ച അവസരത്തിലും മന്ത്രി ഇക്കാര്യം എടുത്തു പറഞ്ഞു. 430പേർ ആശ്രിത നിയമനത്തിന് അർഹരായിട്ടുണ്ടെന്ന് കാണിച്ച് കോർപറേഷൻ പട്ടിക തയാറാക്കുകയും വിട്ടുപോയവരുടെ പേരുകൾ ചേർക്കാൻ എല്ലാ യൂനിറ്റ് ഓഫിസുകളോടും ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് തയാറാക്കിയ പട്ടികയിൽ 500റോളം ആളുകളാണ് ഇടംനേടിയത്.
ആദ്യഘട്ട അഭിമുഖത്തിനായി 259പേരുടെ പട്ടികയും തയാറാക്കി. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആശ്രിത നിയമനത്തിന് തടസ്സമായി നിൽക്കുന്നത് കെ.എസ്.ആർ.ടി.സിയിലെ പ്രമുഖ തൊഴിലാളി യൂനിയനാണെന്നാണ് നിയമനം കാത്തിരിക്കുന്നവരുടെ ആരോപണം. ബദലി (പഴയ എംപാനൽ) ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനുശേഷം ആശ്രിത നിയമനം നടത്തിയാൽ മതിയെന്നാണ് യൂനിയന്റെ ആവശ്യമെന്നും ഇവർ പറയുന്നു.
2017 ഒക്ടോബറിനു ശേഷം കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനം നടന്നിട്ടില്ല. ഓഫിസുമായി ബന്ധപ്പെടുമ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന പതിവു പല്ലവി മാത്രം. എന്നാൽ 40,000ത്തിൽപരം ജീവനക്കാർ ഉണ്ടായിരുന്നിടത്ത് 20,000ൽ താഴെ മാത്രമാണ് ജോലിക്കുള്ളതെന്നും ആശ്രിതനിയമനം കാത്തിരിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. മരിച്ചുപോയവരുടെയും പിരിഞ്ഞുപോയവരുടെയും വേക്കൻസികളെ കുറിച്ച് അധികൃതർ മിണ്ടുന്നില്ല.
ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതിനു ശേഷം ബദലി അടിസ്ഥാനത്തിൽകുറച്ചു പേർക്ക് കെ.എസ്.ആർ.ടി.സി ഡ്രൈവർ, കണ്ടക്ടർ, പമ്പ് ഓപറേറ്റർ തസ്തികകളിൽ ദിവസവേതനത്തിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങി. 100ലേറെ ആളുകൾ ഇങ്ങനെ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.