നാദാപുരം: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ വിലങ്ങാട് - കുഞ്ഞോം വനപാത 'ചുരമില്ലാ ബദൽ മാർഗ്ഗം' എന്ന നിലയിൽ വീണ്ടും സജീവ ചർച്ചയാകുന്നു. പഴശ്ശിരാജയുടെ ഒളിപ്പോരാട്ടങ്ങൾക്കും ഗോത്രവർഗ്ഗക്കാരുടെ ധീരസ്മരണകൾക്കും സാക്ഷ്യം വഹിച്ച ഈ കാട്ടുപാത, വനംവകുപ്പിന്റെ കർശന നിരോധനങ്ങളെത്തുടർന്ന് പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയാണ്.
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ കേരളവർമ്മ പഴശ്ശിരാജയും അദ്ദേഹത്തിന്റെ സൈന്യവും വടക്കേ മലബാറിൽ നിന്നും വയനാടൻ കാടുകളിലേക്ക് സഞ്ചരിക്കാൻ ഉപയോഗിച്ച പ്രധാന ഒളിപ്പോരാട്ട പാതയാണിത്. പഴശ്ശിരാജാവ് ഒറ്റിക്കൊടുക്കപ്പെട്ട 'ഒറ്റുപാറ'യും ഈ വഴിയോരത്താണ്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങൾ സജീവമാകുന്നതിന് മുൻപ് കോഴിക്കോട്, നാദാപുരം മേഖലകളിൽ നിന്നുള്ള ജനങ്ങൾ കുടിയേറ്റ ആവശ്യങ്ങൾക്കായും വ്യാപാരത്തിനായും വയനാട്ടിലേക്ക് കാൽനടയായി യാത്ര ചെയ്തിരുന്നത് ഈ വഴിയേ ആയിരുന്നു.
പഴശ്ശിരാജയുടെ പതനത്തിനുശേഷം വയനാടൻ കാടുകൾ ബ്രിട്ടീഷുകാരുടെ അധീനതയിലായതോടെയാണ് ഈ വനപാതയുടെ സ്വഭാവം മാറുന്നത്. കാട്ടിലെ വിലപിടിപ്പുള്ള ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ വെട്ടിക്കടത്തുന്നതിനായി ബ്രിട്ടീഷുകാർ നിർcfച്ച 'കൂപ്പ് റോഡായി' ഈ വഴി മാറ്റി. സ്വാതന്ത്ര്യത്തിനു ശേഷവും വനംവകുപ്പിന്റെ മരംവെട്ട് കരാറുകാർക്കായി ദശാബ്ദങ്ങളോളം ഈ കൂപ്പ് റോഡ് നിലനിന്നിരുന്നു. 1977-ൽ കെ. കുഞ്ഞമ്പു വനംമന്ത്രിയായിരുന്ന കാലത്താണ് ഈ പാതയെ ഒരു ഔദ്യോഗിക ബദൽ റോഡാക്കി മാറ്റാനുള്ള പ്രാഥമിക നീക്കങ്ങൾ നടന്നത്. എന്നാൽ, 1980-ൽ കേന്ദ്ര സർക്കാർ കർശനമായ വനസംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കാര്യങ്ങൾ താളംതെറ്റി.
എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 2.67 കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഈ 'ചുരമില്ലാ പാത' തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, വനനിയമങ്ങളുടെ തടസ്സം ചൂണ്ടിക്കാട്ടി അധികൃതർ പദ്ധതി ചുവപ്പുനാടയിൽ തന്നെ നിർത്തിയിരിക്കുകയാണ്. അതേസമയം, അനുമതിയില്ലാതെ വനത്തിൽ പ്രവേശിക്കുന്ന പ്രദേശവാസികൾ അടക്കമുള്ളവർക്കെതിരെ വനംവകുപ്പ് ഇപ്പോഴും കർശന നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ്.
ഇതിനിടയിലാണ് ചുരമില്ലാ പാത യാഥാർഥ്യമാക്കണമെന്ന ആവശ്യവുമായി ജനകീയ സമിതികൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ നാദാപുരത്ത് നടക്കുന്ന സർവ്വകക്ഷി കൂട്ടായ്മയിലൂടെ ചുരമില്ലാ പാതക്കുള്ള പോരാട്ടം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.