വിശ്വൻ കേളോത്ത് കൃഷിയിടത്തിൽ
നന്മണ്ട: പേനയും ചോക്കും മാറി തൂമ്പ പടവാളാക്കിയ കണക്ക് അധ്യാപകനായിരുന്ന വിശ്വന് കൃഷിയിൽ നൂറുമേനി നേടാമെന്നുള്ള കണക്കുകൂട്ടൽ തെറ്റിയില്ല. വേണമെങ്കിൽ ട്യൂഷൻ സെന്ററിൽ പോയി അധ്യാപനവൃത്തിയിൽ മുഴുകാമായിരുന്നു. പക്ഷേ, കൃഷിയോടുള്ള പ്രണയം ഈ റിട്ട. അധ്യാപകനെ നല്ല ഒരു കർഷകനാക്കി. പൊയിൽത്താഴത്തെ പാടങ്ങളിൽ ഹരിതസമൃദ്ധമായ നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ച വിശ്വൻ കേളോത്ത് എന്ന റിട്ട. അധ്യാപകൻ നാട്ടിൽ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസഡറാണ്. കുണ്ടൂപറമ്പ് ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് വിരമിച്ചതോടെ പൂർണ കർഷകനായി മാറിയ ഈ അധ്യാപകൻ ഇവിടെയും കർഷകർക്ക് ഗുരുനാഥനായി മാറുകയായിരുന്നു.
സ്ഥലം പാട്ടത്തിനെടുത്തും സ്വന്തമായ സ്ഥലത്തും കൃഷിചെയ്തുവരുന്ന വിശ്വൻ മാസ്റ്റർക്ക് 2022ൽ നന്മണ്ട കൃഷിഭവന്റെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിരുന്നു. വാഴ, ചേന, ചേമ്പ്, കപ്പ, കാച്ചിൽ, മഞ്ഞൾ, കൂർക്ക, തെങ്ങ്, കവുങ്ങ്, അമ്പതിലധികം വരുന്ന അത്യുൽപാദനശേഷിയുള്ള മോഹിത് നഗർ കവുങ്ങ്, പച്ചക്കറികൃഷികളായ വെള്ളരി, പാവക്ക, പടവലം, വെണ്ട, ചീര, പയർ, പച്ചമുളക്, തക്കാളി, വഴുതിന എന്നിവയും വിശ്വന്റെ കൃഷിയിടത്തിലുണ്ട്. നെല്ല് ഇനത്തിൽ ഔഷധഗുണമുള്ള, അർബുദത്തെപ്പോലും പ്രതിരോധിക്കുന്ന രക്തശാലി നെല്ല്, മലരിന് ഉപയോഗിക്കുന്ന മഞ്ഞ കൊയ്യാള, ഉമ, മട്ടത്രിവേണി എന്നിവയുമുണ്ട്. കീടനാശിനിയോ രാസവളമോ പ്രയോഗിക്കാറില്ല. കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാരം, ചാണകം, പച്ചില എന്നിവ മാത്രമേ കൃഷിക്ക് ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ അധ്യാപകന്റെ കൃഷിയിടത്തിൽ ഉൽപാദിപ്പിക്കുന്നവയെല്ലാം ചൂടപ്പംപോലെ വിറ്റഴിയുന്നു. ഇത്തവണ കാലവർഷം ചതിച്ചത് കർഷകർക്ക് തിരിച്ചടിയായതായി വിശ്വൻ പറഞ്ഞു.
കർഷകർ ഉൽപാദിപ്പിക്കുന്നതിനൊന്നും മതിയായ വില കമ്പോളത്തിൽ കിട്ടുന്നില്ല. എങ്കിലും വിഷരഹിതമായ ഭക്ഷ്യപദാർഥങ്ങൾ ഉൽപാദിപ്പിക്കുക എന്ന പോളിസിയാണ് ഈ അധ്യാപകനെ നഷ്ടം സഹിച്ചും ഈ രംഗത്ത് പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. നന്മണ്ട കൃഷി ഓഫിസറുടെയും കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെയും അകമഴിഞ്ഞ സഹകരണവും ഇതിനു പിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.