ഉള്ള്യേരി: കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ. അപകടങ്ങൾ കൂടുമ്പോഴും ചെറുവിരലനക്കാതെ അധികൃതർ. തെരുവത്ത് കടവിന് സമീപം തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത് മകൾക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന പിതാവ്. കല്പത്തൂർ കളരിക്കണ്ടി മുക്ക് കീർത്തനത്തിൽ ബാലകൃഷ്ണനാണ് (56) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകളെ ജോലി കഴിഞ്ഞു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവും വഴിയാണ് ഇദ്ദേഹം അപകടത്തിൽപെട്ടത്. പരിക്കേറ്റ മകൾ ചികിത്സയിലാണ്.
കഴിഞ്ഞ മാസം ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായിരുന്ന നടുവണ്ണൂർ കാവുംതറ സ്വദേശി മുഹമ്മദ് ഫാമിസ് (22) മരിച്ചിരുന്നു. മേയ് 13 നു അത്തോളി റൂട്ടിൽ പുറക്കാട്ടിരി പാലത്തിനു സമീപമുണ്ടായ അപകടത്തിൽ ബാലുശ്ശേരി സ്വദേശിയായ ബിരുദ വിദ്യാർഥി പി.കെ. അശ്വന്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഉള്ള്യേരി ബസ് സ്റ്റാന്റഡിന് മുന്നിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ കുറ്റ്യാടിയിൽ നിന്നും വന്ന സ്വകാര്യ ബസ് ഇടിച്ച് രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് മൂന്ന് അപകടങ്ങളും വരുത്തിയത്. ഈ റൂട്ടില്‍ ബസുകളുടെ മരണപ്പാച്ചിലില്‍ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. പരിക്കേറ്റ് കിടപ്പിലായവര്‍ അതിലേറെയും. ബസ് ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം. മിനിറ്റുകളുടെ ഇടവേളയില്‍ സ്റ്റാൻഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ യാത്രക്കാരെ കിട്ടാൻ കുതിച്ചുപായുന്നത് സ്ഥിരം കാഴ്ചയാണ്. സ്പീഡ് ഗവേണര്‍ അഴിച്ചുമാറ്റി ഓടിയ ബസ് മോട്ടോര്‍ വാഹന അധികൃതര്‍ പിടികൂടിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.