ഭരണഘടന സംരക്ഷണസമിതി ടാഗോർ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് വേദിയിൽ. കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കെ.ടി. ജലീൽ എം.എൽ.എ, മേയർ ബീന ഫിലിപ്, എഴുത്തുകാരായ ഖദീജ മുംതാസ്, കെ.പി. രാമനുണ്ണി, ഫാ. മാത്യൂസ് വാഴക്കുന്നം എന്നിവർ സമീപം   -പി. അഭിജിത്ത്

ബുൾഡോസർ യന്ത്രമല്ല, പ്രത്യയശാസ്ത്രം -വൃന്ദ കാരാട്ട്

കോഴിക്കോട്: കേന്ദ്രം ഭരിക്കുന്നവർക്ക് ബുൾഡോസർ എന്നത് യന്ത്രമല്ലെന്നും ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരായ പ്രത്യയശാസ്ത്രമാണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വീടുകൾ മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും രാജ്യത്ത് സുരക്ഷിതമല്ലെന്ന് ഭരണഘടന സംരക്ഷണസമിതി നടത്തിയ പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്ത് വൃന്ദ പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിനെതിരെ ഭരണകൂടം കൊണ്ടുവരുന്ന ബുൾഡോസർരാഷ്ട്രീയത്തെ പ്രതിരോധിക്കണമെന്നും വൃന്ദ കാരാട്ട് ആഹ്വാനംചെയ്തു. അയോധ്യക്ക് ശേഷം ഖുതുബ്മിനാറിലും താജ്മഹലിലും കണ്ണുവെച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഭരണഘടനയെ സംരക്ഷിക്കാൻ രംഗത്തുവരേണ്ടിവരുന്നത് ഖേദകരമാണ്. ഭൂരിപക്ഷവർഗീയതയെ അടിസ്ഥാനമാക്കി ബി.ജെ.പിയും ആർ.എസ്.എസും കപടദേശീയത പ്രചരിപ്പിക്കുകയാണ്.

ഹിന്ദുത്വ ദേശീയത രാജ്യത്തിന് അപകടകരമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനയിൽനിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിമാർ ആവശ്യപ്പെടുന്ന കാലമാണിത്. കശ്മീരി പണ്ഡിറ്റുകളോട് ഒപ്പം നിൽക്കണമെന്നും സി.പി.എം പി.ബി അംഗം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പണ്ഡിറ്റുകളും മറുനാടൻ തൊഴിലാളികളുമടക്കം 19 പേരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. കശ്മീരിലെ പ്രശ്നങ്ങൾ തുടരുന്നതിന് കാരണം ഡൽഹിയിലിരുന്ന് ഭരിക്കുന്ന ആഭ്യന്തര മന്ത്രി ഷായാണെന്നും അവർ കുറ്റപ്പെടുത്തി.

കേരളത്തിൽ യു.ഡി.എഫ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വൃന്ദ പറഞ്ഞു. മുസ്ലിംകളുടെ വികാരം ആളിക്കത്തിച്ചും ദുരുപയോഗപ്പെടുത്തിയും പോപുലർഫ്രണ്ടും എസ്.ഡി.പി.ഐയും പ്രവർത്തിക്കുന്നത് ആർ.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ. പോപുലർഫ്രണ്ട് നേതാവായാലും പി.സി. ജോർജായാലും വിദ്വേഷപ്രസംഗം നടത്തിയാൽ കേരളസർക്കാർ ജയിലിലടക്കുമെന്നും വൃന്ദ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.ടി. ജലീൽ, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, ഒ.ആർ. കേളു, വനിത കമീഷൻ അധ്യക്ഷ പി. സതീദേവി, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, പി. മോഹനൻ, ഫാ. മാത്യൂസ് വാഴക്കുന്നം, കെ.പി. രാമനുണ്ണി, ഖദീജ മുംതാസ്, കെ.എ. നാസർ, ഒ.പി. അഷ്റഫ്, എ. പ്രദീപ് കുമാർ, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Bulldozer is not just a machine, but the ideology - Brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.