ചാത്തമംഗലം: ശമ്പളം കിട്ടാത്തതിനാൽ അധ്യാപകർ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നതിനെ തുടർന്ന് മുടങ്ങിയ പരീക്ഷയിൽ വിദ്യാർഥികൾക്ക് കൂട്ടത്തോൽവി. കെ.എം.സി.ടി പോളിടെക്നിക് കോളജിലെ 600ഓളം വിദ്യാർഥികളാണ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ പരാജയപ്പെട്ടത്. കൂട്ടത്തോൽവിയെ തുടർന്ന് വിദ്യാർഥികൾ കോളജിൽ ഉപരോധമടക്കം സമരം നടത്തി.
ജനുവരി 18ന് നടന്ന ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്ററിന്റെ ആദ്യ വിഷയമായ ഇംഗ്ലീഷ് പേപ്പർ പരീക്ഷയാണ് അധ്യാപകർ ഇൻവിജിലേറ്റർ ഡ്യൂട്ടിക്ക് കയറാതിരുന്നതിനെ തുടർന്ന് മുടങ്ങിയത്. തുടർന്ന് വിദ്യാർഥിസമരവും സംഘർഷവും അരങ്ങേറിയിരുന്നു. മുക്കം പൊലീസ് ഇൻസ്‌പെക്ടർ ഇടപെട്ട് നടത്തിയ ചർച്ചയിൽ സമരം ഒത്തുതീരുകയും അധ്യാപകർ ഡ്യൂട്ടിയിൽ കയറിയതിനെ തുടർന്ന് മറ്റു പരീക്ഷകളെല്ലാം നടക്കുകയും ചെയ്തു.
ഒത്തുതീർപ്പ് വ്യവസ്ഥയിൽ, മുടങ്ങിയ പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കുമെന്ന് കോളജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പുനൽകുകയും ചെയ്തിരുന്നുവത്രെ. എന്നാൽ, ഇത് പാലിക്കപ്പെടാത്തതാണ് കൂട്ടത്തോൽവിക്ക് കാരണമെന്ന് അധ്യാപകരും വിദ്യാർഥികളും ആരോപിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടാം സെമസ്റ്ററിന്റെ റിസൽട്ട് വന്നത്. തുടർന്ന് വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ സമരം തുടങ്ങുകയായിരുന്നു. പ്രിൻസിപ്പൽ ലീവിലായതിനാൽ ചൊവ്വാഴ്ച രാവിലെ വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിനെ ഉപരോധിക്കുകയായിരുന്നു. തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി. മുക്കം ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിനിധികളുമായും കോളജ് വൈസ് പ്രിൻസിപ്പലുമായും ചർച്ച നടത്തിയതിനെ തുടർന്ന് വൈകീട്ടോടെ സമരം അവസാനിപ്പിച്ചു. തിരുവനന്തപുരത്തെ ടെക്നിക്കൽ എജുക്കേഷൻ വിഭാഗവുമായി ബന്ധപ്പെട്ട് പരീക്ഷ സംബന്ധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, ശമ്പളവിഷയത്തിൽ അധികൃതർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് അധ്യാപകരും സമരത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.