ആശുപത്രി മുറ്റം ക്വാറിവേസ്റ്റിട്ട് നികത്തിയ നിലയിൽ
കോഴിക്കോട്: വെള്ളക്കെട്ട് കാരണം ബീച്ച് ജനറൽ ആശുപത്രിയിലെ ഒ.പി കൗണ്ടറിലെത്താൻ രോഗികൾ ബുദ്ധിമുട്ടുമ്പോഴും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ അമാന്തം കാണിക്കുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ. ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് അയച്ചു.
നവംബറിൽ കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. വെള്ളക്കെട്ടിലൂടെ നടക്കാൻ കഴിയാത്തതിനാൽ താൽക്കാലികമായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. കല്ലുകളിൽ തട്ടി സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള രോഗികൾ വീഴാൻ സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയെ ശരണം പ്രാപിക്കുന്ന പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഓടയിൽനിന്ന് വെള്ളം പൊങ്ങുന്നത് പതിവായതോടെ താൽക്കാലിക പരിഹാരനീക്കവുമായി പി.ഡബ്ല്യു.ഡി. ഒ.പി കൗണ്ടറിനു മുന്നിലൂടെയുള്ള ഓടയുടെ സ്ലാബ് നീക്കി ബ്ലോക്ക് ഒഴിവാക്കിയ പി.ഡബ്ല്യു.ഡി ആശുപത്രി വളപ്പിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ക്വാറിവേസ്റ്റിട്ട് നികത്തുകയും ചെയ്തു. നിലവിലെ ഓടയിലെ തടസ്സം നീക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽനിന്ന് മണ്ണുനീക്കുന്നുണ്ട്. പൂർണമായും തകർന്ന ഓടയോട് ചേർന്ന ഭാഗം കോൺക്രീറ്റും ചെയ്തു.
ഒ.പി ടിക്കറ്റ് കൗണ്ടറിനു സമീപം മുതൽ നേത്രരോഗ വിഭാഗം ഒ.പിക്കു സമീപം വരെ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ബീച്ച് ആശുപത്രി വളപ്പിലൂടെയുള്ള കോർപറേഷൻ ഓട ശുചീകരണത്തിന് കോർപറേഷനും യഥാസമയം ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആശുപത്രി വളപ്പിൽ കോർപറേഷൻ ഓടയിൽനിന്ന് മാലിന്യം പൊങ്ങുന്നതിന് പരിഹാരം നീണ്ടതോടെ ഒ.പി ടിക്കറ്റ് കൗണ്ടർ പഴയ ബ്ലോക്കിലേക്ക് മാറ്റി. ഇതോടെ രോഗികളുടെ വരി റോഡ് വരെ നീണ്ടു. പഴ ബ്ലോക്കിൽ ആളുകൾക്ക് ഇരിക്കാൻ സൗകര്യമില്ലാത്തതും പ്രതിസന്ധിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.