കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനസജ്ജം. ഏഴുമാസത്തോളം അടച്ചിട്ട കാത്ത് ലാബിന്റെ അണുനശീകരണവും പഴയ സ്റ്റോക്ക് ഒഴിവാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കി.
ബുധനാഴ്ച പുനരാരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നടന്നില്ല. വ്യാഴാഴ്ച മുതൽ ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു ഡോക്ടറെ കൂടി നിയമിച്ചു. ഇതോടെ രണ്ടു കാർഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാവും. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുന്നത്. രണ്ട് കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമായതിനാൽ ഒ.പി വിഭാഗത്തിൽ കൂടുതൽ രോഗികളെ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഈ ആവശ്യം പരിഗണയിലുണ്ടെന്നും ഇത് ക്രമാനുഗതമായി വർധിപ്പിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ഉപകരണങ്ങൾ വിതരണം ചെയ്തവർക്കുള്ള കുടിശ്ശിക അക്കൗണ്ടിൽ എത്തിത്തുടങ്ങി. കുടിശ്ശിക ലഭിക്കാതെ സ്റ്റെന്റ് വിതരണം നിലച്ച് എട്ട് മാസത്തോളമായി അടച്ചിട്ട കാത്ത് ലാബ് മന്ത്രി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയുടെ ഇടപെടലിലാണ് പ്രവർത്തനം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.