ബാലുശ്ശേരി-കോഴിക്കോട് റോഡ്; ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു

കോഴിക്കോട്: ബാലുശ്ശേരി -കോഴിക്കോട് ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിൽ. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം മാസങ്ങളോളം നിശ്ചലമായ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പുരോഗമിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ബാലുശ്ശേരി -കോഴിക്കോട് റോഡ് വികസന പദ്ധതി നീണ്ടുപോകുന്നതിൽ പ്രതിഷേധവും ശക്തമായിരുന്നു.

കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള 20.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ് 89. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2020ൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജാഞാപനം ഇറങ്ങി ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുകയും ചെയ്തു. തുടർ നടപടികൾ നീണ്ടു. മൂന്നുമാസം മുമ്പുവരെ കക്കോടി,ചേളന്നൂർ, കാക്കൂർ പഞ്ചായത്തുകളിൽ ഒരു തുണ്ടുഭൂമിപോലും ഏറ്റെടുത്തിരുന്നില്ല. ഒന്നരമാസത്തിനിടെ കക്കോടി വില്ലേജിൽ ഏറ്റെടുക്കേണ്ട ഭൂമികളുടെ കൈവശരേഖകൾ വാങ്ങി. ചേളന്നൂർ വില്ലേജിൽനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ കൈവശരേഖകൾ ശേഖരിക്കുകയാണ്. കാക്കൂർ വില്ലേജിൽ നിന്നുകൂടി രേഖകൾ വാങ്ങാനുണ്ട്.

നന്മണ്ടയിൽ നിന്ന് മുമ്പേ രേഖകൾ വാങ്ങിയെങ്കിലും സാങ്കേതിക തകരാറിൽപെട്ടിരിക്കുന്ന പത്തോളം പേരുടെ രേഖകൾ ശേഖരിക്കാനുണ്ട്. ഇതിന് ഒരു വില്ലേജിന് ഒന്നരമാസമെങ്കിലും വേണ്ടിവരുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. കോഴിക്കോട് താലൂക്കിലെ പനങ്ങാട്, ശിവപുരം, നന്മണ്ട, കാക്കൂർ, ചേളന്നൂർ, വേങ്ങേരി, കക്കോടി, കച്ചേരി എന്നീ വില്ലേജുകളിൽ നിന്നായി 3.26622 ഹെക്ടർ ഭൂമി അധികമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. പനങ്ങാട് പഞ്ചായത്തിൽ ഒരാളുടെ ഭൂമിയായിരുന്നു ഏറ്റെടുക്കേണ്ടി വന്നത്.

ശിവപുരത്തെ ഒമ്പതും ഏറ്റെടുത്തു. കച്ചേരിയിൽ 41 പേരുടെ ഭൂമി ഏറ്റെടുക്കേണ്ടതിൽ 30ഉം വേങ്ങേരിയിൽ 376ൽ 164 പേരുടെ ഭൂമിയേ ഏറ്റെടുത്തിട്ടുള്ളു. ചേളന്നൂരിൽ 565, കക്കോടി 287, കാക്കൂർ 137 പേരുടെ ഭൂമികളാണ് ഏറ്റെടുക്കേണ്ടത്. റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡാണ് (റിക്ക്) റോഡ് വികസന പദ്ധതി ഏറ്റെടുത്തത്.

കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെയുള്ള നാലു കിലോമീറ്റർ ദൂരം 18 മീറ്റർ വീതിയിലും അതിനു ശേഷം ബാലുശ്ശേരി മുക്ക് വരെ 12 മീറ്റർ വീതിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കക്കോടി, മൂട്ടോളി, അമ്പലത്തുകുളങ്ങര, ഏഴേ ആറ്,ഏട്ടേ രണ്ട് ഭാഗങ്ങളിലെ പലയിടത്തും നിലവിൽ 10 മീറ്ററോളമേ വീതിയുള്ളൂ.

രണ്ടു മീറ്റർ കൂടി വീതി കൂടിയാലും ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് കുറയില്ലെന്ന വിലയിരുത്തലാണ് അധികൃതർക്ക്. എന്നാൽ ബാലുശ്ശേരി എത്തുന്നതിനിടെ പല ഭാഗങ്ങളിലും 15 മീറ്ററോളം നിലവിലുണ്ട്.

Tags:    
News Summary - ബാലുശ്ശേരി-കോഴിക്കോട് റോഡ്; ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.