താളം തെറ്റുന്ന സഹകരണ സ്ഥാപനങ്ങൾ; കൈമലർത്തുന്ന സഹകരണ വകുപ്പ്
കോഴിക്കോട്: പാവപ്പെട്ടവന്റെ റിസർവ് ബാങ്ക് എന്ന വിശേഷണം നേടിയ പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ മേൽനോട്ടത്തിലെ പാളിച്ചയും രാഷ്ട്രീയാതിപ്രസരവും കാരണം താളം തെറ്റുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ തരപ്പെടുത്തിയ പല സംഘങ്ങളും നിക്ഷേപം തിരിച്ചു നൽകാനാവാതെ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ പല സംഘങ്ങളിലെയും നിക്ഷേപകർ പണം തിരിച്ചുകിട്ടാതെ ആശങ്കയിലാണ്. വേണ്ടപ്പെട്ടവരെ മാത്രം എ ക്ലാസ് അംഗങ്ങളാക്കി സഹകരണ സംഘങ്ങൾ ആരംഭിക്കുകയും അതിനുശേഷം ഭരണസമിതി തട്ടിക്കൂട്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്ന പല സ്ഥാപനങ്ങളും ലക്ഷങ്ങൾ നിക്ഷേപം സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.
പെൻഷൻ പറ്റിയ സർക്കാർ ഉദ്യോഗസ്ഥരേയും, വ്യാപാരികളെയും സ്ഥലത്തെ സമ്പന്നരേയും സ്വാധീനിച്ച് ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത് ഫിക്സഡ് ഡെപ്പോസിറ്റുകൾ ശേഖരിച്ചാണ് തട്ടിപ്പ്. ഭരണസമിതി അംഗങ്ങളുടെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് നിക്ഷേപം സ്വീകരിക്കുന്നത്. ദേശസാൽകൃത ബാങ്കുകളിലോ ട്രഷറികളിലോ വലിയ തുകകൾ സ്ഥിര നിക്ഷേപം നടത്തിയാൽ ഇൻകം ടാക്സ് പ്രശ്നം വരുമെന്നും ചെറുകിട പ്രാഥമിക സംഘങ്ങൾക്ക് ഈ പ്രശ്നം ഇല്ലെന്നുമുള്ള വാഗ്ദാനങ്ങളിൽ പലരും വീഴുകയാണ്. വേണ്ടപ്പെട്ടവർക്ക് നിയമാനുസൃത ഈടുകളില്ലാതെ വായ്പ നൽകുന്നത് ഏറിവരുകയാണ്.
ബിനാമി വായ്പകൾ നൽകുന്നതും വർധിച്ചുവരുകയാണ്. ഇവക്കാകട്ടെ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളോ തിരിച്ചടവ് ശേഷി ഉറപ്പുവരുത്തലോ ഒന്നും ബാധകമല്ല. നിക്ഷേപകരുടെ പരാതിയെത്തുടർന്ന് രേഖകൾ പരിശോധിക്കുമ്പോഴാണ് പലതിലും എല്ലാം തട്ടിക്കൂട്ട് രേഖകൾ മാത്രമാണെന്ന് ബോധ്യമാകുന്നത്. വായ്പയെടുത്ത വിവരം അറിയാത്ത വായ്പക്കാരുടെ എണ്ണവും പരിശോധനയിൽ കണ്ടെത്തുന്നതും കൂടിവരുകയാണ്. ജാമ്യം നിന്ന വിവരം അറിയാത്ത ജാമ്യക്കാരും ഉണ്ടാവുകയാണ്. ഒരു ലോണിനുള്ള അപേക്ഷയോടൊപ്പം മറ്റൊന്നിന്റെ കൂടെ ഒപ്പ് വാങ്ങുകയോ അല്ലെങ്കിൽ ജാമ്യക്കടപ്പത്രത്തിൽ കൂടെ ഒപ്പുവാങ്ങുകയോ ചെയ്യുന്ന തന്ത്രങ്ങളും സംഘങ്ങളിൽ കൂടിവരുകയാണ്. എം.ഡി.എസ് എന്ന ഓമനപ്പേരിലുള്ള മാസചിട്ടികൾ നിത്യപിരിവിലൂടെ ആരംഭിച്ച് പണം ശേഖരിക്കുകയാണ്. മുൻകാലങ്ങളിൽ ചിട്ടികൾ ആരംഭിക്കണമെങ്കിൽ ഓരോ നമ്പർ ചിട്ടിക്കും പ്രത്യേകം രജിസ്ട്രേഷനും അതിനായി സുരക്ഷിത നിക്ഷേപവും വേണമായിരുന്നെങ്കിൽ അതെല്ലാം കാറ്റിൽപറത്തിയാണ് പ്രവർത്തനം. പരാതി കൊടുത്താൽ സഹകരണ വകുപ്പും കൈമലർത്തുകയാണ്. അടിയന്തരമായി സർക്കാർ സഹകരണ സംരക്ഷണ കർമപദ്ധതി സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുമെന്ന് പണം നഷ്ടമായവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.