ആസ്യ ഹജ്ജുമ്മ

92 വയസ്സിന്റെ ചുറുചുറുക്കിൽ വായന കൈവിടാതെ ആസ്യ ഹജ്ജുമ്മ

ഇന്ന് വായനദിനം

എകരൂൽ (കോഴിക്കോട്): വായന മരിക്കുന്നുവെന്ന് മുറവിളി ഉയരുമ്പോഴും 92ാം വയസ്സിലും കണ്ണടയുടെ സഹായമില്ലാതെ വായന തുടരുകയാണ് ആസ്യ ഹജ്ജുമ്മ. വാർധക്യത്തിന്റെ അവശതകളുണ്ടെങ്കിലും വായനയിലും ഓർമശക്തിയിലും ആസ്യ ഹജ്ജുമ്മ ചെറുപ്പമാണ്. ഈ വാർധക്യകാലത്തും പത്രവായന മുടക്കംവരുത്താതെ തുടരുകയാണിവർ. 'മാധ്യമ'മാണ് ഓരോ ദിവസത്തെയും വായനയുടെ തുടക്കം. പുലരുംമുമ്പേ ഉണരുന്ന ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന.

വായിക്കാൻ ഈ പ്രായത്തിലും കണ്ണട ഉപയോഗിക്കാറില്ല. ഉണ്ണികുളം കപ്പുറം മഞ്ഞമ്പ്രക്കണ്ടി പരേതനായ ആലിയുടെ ഭാര്യയാണ്‌ ആസ്യ ഹജ്ജുമ്മ. 12 പ്രസവത്തിൽ 13 മക്കൾക്ക് ജന്മംനൽകി. നാലുപേർ മരിച്ചു. ആറ് ആണും മൂന്ന് പെണ്ണുമടക്കം ഒമ്പത് പേർ ജീവിച്ചിരിപ്പുണ്ട്. മക്കളും പേരമക്കളുമടക്കം നൂറിലധികം പേരാണ് ഇവരുടെ കുടുംബത്തിലുള്ളത്. സ്വയം വായിക്കുക മാത്രമല്ല, മക്കളെയും പേരക്കുട്ടികളെയും വായിക്കാൻ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യും. ഇതിനായി പുസ്തകങ്ങൾ സ്വന്തമായി വാങ്ങി സമ്മാനമായി നൽകും.

വട്ടോളി എൽ.പി സ്കൂളിൽ മൂന്നാംതരം വരെ മാത്രമേ ഔദ്യോഗികപഠനം നടത്തിയിട്ടുള്ളൂവെങ്കിലും നിരന്തര വായനയിലൂടെ സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അവഗാഹം നേടിയിട്ടുണ്ട്. മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ അടിച്ചതിനെത്തുടർന്ന് പിതാവ് പഠനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നെന്ന് വട്ടോളി നെരോത്ത് കുടുംബാംഗമായ ആസ്യ ഹജ്ജുമ്മ പറഞ്ഞു.

കേൾവിക്ക് അൽപം കുറവുണ്ടെന്നതൊഴിച്ചാൽ മറ്റു വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനശീലത്തിന് വാർധക്യം തടസ്സമായിനിന്നില്ലെന്നും പുതിയ തലമുറ വായന മറന്നപ്പോഴും താൻ വായന തുടരുകയാണെന്നും ആസ്യ ഹജ്ജുമ്മ പറയുന്നു. പുസ്തകങ്ങൾ വാങ്ങി വായിച്ചശേഷം സൂക്ഷിച്ചുവെക്കുന്നതിന്റെ സന്തോഷം ഇവർക്കുണ്ട്. ഐ.പി.എച്ചി ൽ ജോലി ചെയ്യുന്ന മകൻ അബ്ദുൽസമദിനെയാണ് പുസ്തകങ്ങൾ എത്തിക്കാൻ ആശ്രയിക്കുന്നത്. യുവതലമുറക്കുൾപ്പെടെ മാതൃകയായ ഈ പഴമക്കാരി വായനദിനത്തിൽ വായന മരിക്കുന്നില്ലെന്ന സന്ദേശം സമൂഹത്തിന് പകരുകയാണ്.

Tags:    
News Summary - Asia Hajj without giving up reading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.