കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാപ്പകൽ സമര യാത്ര കോഴിക്കോട്ടെത്തിയപ്പോൾ, ഉദ്ഘാടന പരിപാടിക്കുശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രി ഉറങ്ങാൻ കിടക്കുന്ന ആശമാർ (ചിത്രം പി. അഭിജിത്ത്)
കോഴിക്കോട്: സമരമുറകൾ പലതു പരീക്ഷിച്ചിട്ടും കണ്ണുതുറക്കാത്ത അധികാരികളെ ഉണർത്താൻ രാത്രി പകലാക്കി ആശമാരുടെ രാപ്പകൽ സമരം. ആടിയും പാടിയും കഥപറഞ്ഞും തെരുവിൽ അന്തിയുറങ്ങിയും മുന്നേറുന്ന സമരയാത്രക്ക് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ജില്ലയിലെ രാപ്പകൽ സമര യാത്ര വ്യാഴാഴ്ച മൊഫ്യുസിൽ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വ്യാഴാഴ്ച രാവിലെ വടകരയിൽനിന്ന് ആരംഭിച്ച യാത്ര മേപ്പയ്യൂർ, കൊയിലാണ്ടി, കാട്ടിലപ്പീടിക, ഫറോക്ക് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകീട്ട് ആറോടെ കോഴിക്കോട് മൊഫ്യുസിൽ ബസ് സ്റ്റാൻഡിലെത്തി. തെരുവുനാടകമടക്കം വിവിധ കലാപരിപാടികളോടെയായിരുന്നു സ്വീകരണം.
രാത്രി ബസ് സ്റ്റാൻഡിൽ ഉറങ്ങുന്ന സംഘം വെള്ളിയാഴ്ച രാവിലെ ഏഴോടെ മലപ്പുറം കൊണ്ടോട്ടിയിലേക്ക് പുറപ്പെടും. കോഴിക്കോട് നൽകിയ സ്വീകരണത്തിൽ യു.കെ കുമാരൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു, ഡോ. ആസാദ്, എൻ.സി. ഹരിദാസ്, ടി. ബാലകൃഷ്ണൻ, കെ.പി. പ്രകാശൻ, എം.കെ രാജൻ, ബിജു ആന്റണി, സുരേഷ് നരിക്കുനി, സുനിത പാലാട്ട്, പ്രജോഷ് ചെറുവണ്ണൂർ, യു. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഐക്യദാർഢ്യ സമിതി കൺവീനർ മുഹമ്മദ് സലീം സ്വാഗതവും അഡ്വ. പ്രദീപൻ കുതിരോട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.