കോഴിക്കോട്: സാക്ഷരത പ്രേരക്മാരുടെ പുനർവിന്യാസത്തിലെ അനിശ്ചിതത്വത്തിന് പരിഹാരം കാണുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സാക്ഷരത പ്രേരക്മാരുടെ സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നു.
2021ലെ ബജറ്റ് പ്രഖ്യാപനത്തിൽ പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ച് വേതനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വിതരണം ചെയ്യുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞിരുന്നു.
തുടർന്ന് കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ യോഗം പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനും മൂന്നുമാസത്തിനകം വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാലിതുവരെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്നാണ് പ്രേരക്മാർ പറയുന്നത്.
സാക്ഷരത പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായി അംഗീകരിക്കുക, പ്രേരക്മാർക്ക് മിനിമം വേതനം നൽകുക, കുടിശ്ശികയാകാതെ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകുക, നിലവിലെ ടാർഗറ്റ് സമ്പ്രദായം ഒഴിവാക്കുക, പ്രേരക്മാർ വിരമിക്കുമ്പോൾ ഗ്രാറ്റ്വിറ്റിയും പെൻഷനും നൽകുക, 2017-18 കാലത്ത് പുനർവിന്യസിക്കപ്പെട്ട പ്രേരക്മാരെ മാതൃപഞ്ചായത്തിലേക്കോ സമീപ പഞ്ചായത്തിലേക്കോ മാറാനുള്ള അവസരം സൃഷ്ടിക്കുകയോ ഒഴിവിനനുസരിച്ച് പ്രഥമ പരിഗണന നൽകുകയോ ചെയ്യുക, ഇ.എസ്.ഐ ഇൻഷുറൻസ് പരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രക്ഷോഭത്തിന് മുന്നോടിയായി പ്രേരക്മാരുടെ സംഘടനകൾ ശശികുമാർ ചേളന്നൂർ (ചെയർ.), ജി. രാജീവ്, വി.എം. അശോക് കുമാർ (വൈസ് ചെയർ.), കെ.പി. അശോകൻ (കൺ.), അഷ്റഫ് മണ്ണാർമല, ബിജോയ് പെരുമാട്ടിൽ (ജോ. കൺ.), കെ.ജെ. ഷൈജ (ട്രഷ.) എന്നിവർ ഭാരവാഹികളായി സംസ്ഥാന തലത്തിൽ കോഓഡിനേഷൻ കമ്മിറ്റിയും രൂപവത്കരിച്ചു.
സമരത്തിന് മുന്നോടിയായി കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, സാക്ഷരത മിഷൻ ഡയറക്ടർ എന്നിവരെ നേരിൽ കണ്ട് നിവേദനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.