ബാലുശ്ശേരി: ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ച് ഒരാഴ്ചക്കുശേഷം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തിൽ വന്ന് കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിലിടിച്ച് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവർ നടുവണ്ണൂർ എടയാടിയിൽ മനോജ് കുമാറിനെയാണ് (42) എലത്തൂർ പൊലീസ് എസ്.ഐ സന്ദീപ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ 12 ന് പുറക്കാട്ടിരി പഴയ പാലത്തിനു സമീപം കുറ്റ്യാടി - കോഴിക്കോട് റൂട്ടിലോടുന്ന എടത്തിൽ ബസ് ബൈക്കിൽ ഇടിച്ച് ബാലുശ്ശേരി താളിക്കണ്ടി അശ്വന്ത് (22) മരിക്കുകയും പിറകിലിരുന്ന കൊടക്കാട് സ്വദേശി ജിബിന് (22) പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച പിന്നിട്ട ശേഷമാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ബസ് ഉടമയുമായുള്ള ഒത്തുകളി മൂലമാണ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ പോലും പൊലീസ് തയാറാകാത്തതെന്നാരോപിച്ച് മരിച്ച അശ്വന്തിന്റെ പിതാവ് കോഴിക്കോട് പൊലീസ് കമീഷണർക്കു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു എലത്തൂർ പൊലീസ് മരിച്ച അശ്വന്തിന്റെ കുടുംബത്തെ ഇന്നലെ രാവിലെ വരെ അറിയിച്ചത്. ഐ.പി.സി 304 - എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. കോഴിക്കോട് - അത്തോളി - കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യബസുകളുടെ അമിത വേഗം കാരണം ഒരുവർഷത്തിനിടെ തന്നെ ജീവഹാനിയടക്കം നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഈ റൂട്ടിലെ ബസ് സർവിസ് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പേടിസ്വപ്നമായി മാറിയിരിക്കയാണ്.
മത്സര ഓട്ടം തടയാനോ നിയന്ത്രിക്കാനോ മോട്ടോർ വാഹന വകുപ്പും പൊലീസ് അധികാരികളും തയാറാകുന്നില്ല എന്നതും സ്വകാര്യ ബസുകൾക്ക് അനുകൂല ഘടകമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.