കൊയിലാണ്ടി മണ്ഡലത്തിൽ വിജയിച്ച അഡ്വ. കെ. പ്രവീൺ കുമാറും ബാലുശ്ശേരി മണ്ഡലത്തിൽ വിജയിച്ച വി.ടി. സൂരജും ഡി.സി.സി ഓഫിൽ ആഹ്ലാദം പങ്കിടുന്നു. എം.കെ. രാഘവൻ എം.പി സമീപം
കോഴിക്കോട്: യു.ഡി.എഫ് സൂനാമിയിൽ തകർന്നടിഞ്ഞ് കോഴിക്കോട്ടെ ഇടത് കോട്ടകൾ. ഭരണവിരുദ്ധ വികാരം മാത്രമല്ല, ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കാൻ നടത്തിയ ശ്രമമടക്കം ഇടതുമുന്നണിക്ക് തിരിച്ചടിയായി. 2021ലെ നേട്ടം ഇത്തവണ ജില്ലയിൽ ഉണ്ടാക്കാനാവില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും പതിറ്റാണ്ടുകളായി ഇളകാത്ത കോട്ടകളടക്കം വീഴുമെന്ന് എൽ.ഡി.എഫ് ഒരിക്കലും കരുതിയില്ല. ഈ ആത്മവിശ്വാസവും വിനയായി. കോഴിക്കോട് നോർത്ത് അടക്കം പല മണ്ഡലങ്ങളിലും ഈ അമിത ആത്മവിശ്വാസം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാമായിരുന്നു. ഒടുവിൽ, 13 മണ്ഡലങ്ങളിലും ഇഞ്ചോടിച്ച് പോരാട്ടം നടന്നപ്പോൾ അത്ഭുതങ്ങൾ തന്നെ സംഭവിച്ചു. മൂന്ന് സീറ്റ് മാത്രം ലഭിച്ച തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ കനത്ത പരാജയം ഇടതുമുന്നണി രുചിക്കേണ്ടിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
കോഴിക്കോട് ഡി.സി.സി ഓഫിസിനു മുന്നിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
തങ്ങൾക്ക് ആധിപത്യമുള്ള ബേപ്പൂർ, എലത്തൂർ, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി സീറ്റുകളിൽ പ്രതീക്ഷ പറഞ്ഞിരുന്ന എൽ.ഡി.എഫ് വിലയിരുത്തൽ ആകെ പിഴച്ചു. കനലൊരു തരിയായി ബേപ്പൂർ മാത്രമാണ് ബാക്കിയായത്. സ്റ്റാർ മണ്ഡലമായിരുന്ന ബേപ്പൂരിൽ അവസാന നിമിഷംവരെ അൻവർ വിജയ പ്രതീക്ഷ വെച്ചുപുലർത്തിയെങ്കിലും റിയാസ് എൽ.ഡി.എഫിന് ആശ്വാസമായി. കേരളം ഏറ്റവും ശ്രദ്ധയോടെ വീക്ഷിച്ച മണ്ഡലങ്ങളിലൊന്നായ പേരാമ്പ്രയിൽ ഖൗമിലെ കുട്ടി വിവാദമടക്കം വോട്ട് ചോർച്ചയുണ്ടാക്കി. മണ്ഡലത്തിലെ ആ ട്രെൻഡിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ വീണു.
കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ വിജയിച്ച അഡ്വ. വിദ്യ ബാലകൃഷ്ണനൊപ്പം ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ
ജില്ലയിൽ ആദ്യം വിജയമുറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്ന് എന്ന് എൽ.ഡി.എഫ് കരുതിയ എലത്തൂരിൽ ഞെട്ടിക്കുന്ന തോൽവിയാണ് മുന്നണിക്കുണ്ടായത്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എ.കെ. ശശീന്ദ്രനെതിരെ മുക്കം മുഹമ്മദ് ഉയർത്തിയ കലാപക്കൊടിയും വിമത ശല്യവുമെല്ലാം തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് മുമ്പേ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്ന അഡ്വ. കെ. ജയന്തിന്റെ കഠിനപരിശ്രമങ്ങൾക്കാണ് കോഴിക്കോട് നോർത്തിൽ ഫലം കണ്ടത്. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ലീഡ് നിലകൾ മാറിമറിഞ്ഞ് ഒടുവിൽ ജയന്ത് ജയിച്ച് കയറിയപ്പോൾ തകർന്നടിഞ്ഞത് എൽ.ഡി.എഫിന്റെ ജില്ലയിലെ പ്രമുഖ കോട്ടയാണ്. തിരുവമ്പാടി, കുന്ദമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം കൂട്ടാകുമെന്ന് കരുതിയതും തെറ്റി. ലീഗ്-കോൺഗ്രസ് പ്രശ്നങ്ങൾ കഴിഞ്ഞ രണ്ടുതവണയും യു.ഡി.എഫിന് വിനയായ തിരുവമ്പാടിയിൽ ജനകീയനെന്ന് പേര് കേട്ട ലിന്റോ ജോസഫിന് അടിപതറി. സിറ്റിങ് എം.എൽ.എയുടെ ജനപ്രീതി വോട്ടായി മാറുമെന്ന് കരുതിയ കുറ്റ്യാടിയിലും എൽ.ഡി.എഫ് നിലംതൊട്ടില്ല. ജില്ലയിലെ ഇടത് കോട്ടകൾ കടപുഴകിയ കനത്ത തോൽവി വരും ദിവസങ്ങളിൽ വലിയ ചർച്ചയാകുമെന്നും സി.പി.എമ്മിനും മുന്നണിക്കും വിശദീകരിക്കേണ്ടിവരുമെന്നും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.