കോഴിക്കോട്: അരനൂറ്റാണ്ടോളമുള്ള കോൺഗ്രസ്-എസ്, എൻ.സി.പി എം.എൽ.എ വാഴ്ചക്ക് എ.കെ. ശശീന്ദ്രന്റെ വീഴ്ചയോടെ ജില്ലയിൽ അറുതിയായി. എൻ.സി.പിയിൽ ഭാവിയിൽ പിളർപ്പിനുകൂടി സാധ്യതയൊരുക്കിയാണ് ശശീന്ദ്രന്റെ പരാജയം അടയാളപ്പെടുത്തുന്നത്. പാർട്ടിയിലും മുന്നണിയിലും അനൈക്യമുണ്ടാക്കി ചോദിച്ചുവാങ്ങിയ പരാജയമെന്നാണ് ശശീന്ദ്രന്റെ പതനത്തെ പാർട്ടിയും മുന്നണി നേതാക്കളും വിലയിരുത്തുന്നത്. ഘടകകക്ഷിയായി ഇടതുപക്ഷത്തിനൊപ്പംനിന്ന കാലംമുതൽ കോൺഗ്രസ്- എസിന് ജില്ലയിൽ എം.എൽ.എ പ്രാതിനിധ്യവും മന്ത്രിസ്ഥാനവും ഉണ്ടായിരുന്നു.
സംസ്ഥാന-ദേശീയ നേതാക്കൾ വാണ ജില്ലയിൽ തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ നേതാക്കൾക്ക് ആവശ്യപ്പെടുന്ന മണ്ഡലംതന്നെ മാറ്റിവെക്കുന്ന പ്രത്യേകതയും ഇടതുപക്ഷത്തിനുണ്ടായിരുന്നു. എ.സി. ഷൺമുഖദാസ് 25 വർഷം എം.എൽ.എയായും 15 വർഷം മന്ത്രിയുമായി ജില്ലയെ പ്രതിനിധാനം ചെയ്തു. കോൺഗ്രസ് -എസിൽനിന്ന് എൻ.സി.പിയായപ്പോഴും ഇടതുപക്ഷത്തിലെ ഘടകകക്ഷിക്ക് മാറ്റമുണ്ടായില്ല. 2006ൽ എ.കെ. ശശീന്ദ്രൻ ബാലുശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2011 മുതൽ എലത്തൂരിൽനിന്നും തുടർച്ചയായി മൂന്നു തവണയും എം.എൽ.എയായ ശശീന്ദ്രൻ 10 വർഷത്തോളം മന്ത്രിയുമായി. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് യാത്രയിൽ ഒമ്പതാമൂഴത്തിലാണ് കാലിടറി വീണത്.
ഇടത് കോട്ടയായ എലത്തൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ (38,052) വിജയിച്ച ശശീന്ദ്രൻ, യു.ഡി.എഫിന്റെ വിദ്യ ബാലകൃഷ്ണനോട് 12162 വോട്ടിനാണ് ദയനീയമായി പരാജയപ്പെട്ടത്. മണ്ഡലം രൂപവത്കൃതമായതു മുതൽ ശശീന്ദ്രൻ മാത്രമായിരുന്നു ഇവിടെ വിജയിച്ചത്. ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിയും എൽ.ഡി.എഫ് ഘടകകക്ഷിയുമായ എൻ.സി.പി -എസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ തർക്കങ്ങളുയർന്നിരുന്നു. ശശീന്ദ്രൻ മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് പാർട്ടി മണ്ഡലം കമ്മിറ്റികൾ പ്രമേയവും പാസാക്കിയിരുന്നു.
സി.പി.എം പ്രാദേശിക നേതൃത്വത്തിനും ശശീന്ദ്രൻ മത്സരിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നു. ശശീന്ദ്രൻ സ്ഥാനാർഥിയായാൽ പാർട്ടി വോട്ടുകൾവരെ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് ജില്ല കമ്മിറ്റിയും ചർച്ചചെയ്തു. എന്നാൽ, മത്സരത്തിൽ മാറിനിൽക്കാൻ തയാറാവാത്ത ശശീന്ദ്രൻ പാർട്ടി ദേശീയ നേതൃത്വത്തെ ഇടപെടുവിച്ച് സ്ഥാനാർഥിത്വം നേടുകയായിരുന്നു. എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം തള്ളിയതോടെ പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തു. ഇതോടെ പാർട്ടി ജില്ലയിൽ ദുർബലമാകുകയും ചെയ്തു. നല്ല സമയത്ത് പിൻവാങ്ങിയാൽ പാർട്ടിക്കും തനിക്കും ഗുണകരമാകുമായിരുന്നുവെന്ന അവസ്ഥ ശശീന്ദ്രൻ ഇല്ലാതാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.