തെരഞ്ഞെടുപ്പിൽ വിജയിച്ച പി.കെ ഫിറോസ് വോട്ടർമാർക്ക് നന്ദി പറയുന്നു
കൊടുവള്ളി: ഉറ്റുനോക്കിയ പോരാട്ടത്തിനൊടുവിൽ കൊടുവള്ളിയുടെ മണ്ണിൽ പച്ചക്കൊടി പാറിച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കി 36,682 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷത്തോടെയാണ് ഫിറോസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എതിർ സ്ഥാനാർഥിക്ക് ലീഡുയർത്താൻ അവസരം നൽകാതെ, മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം ഉറപ്പിച്ചായിരുന്നു ഫിറോസിന്റെ ജൈത്രയാത്ര. 2,01,668 വോട്ടർമാരിൽ 1,66,310 വോട്ടുകളായിരുന്നു പോൾ ചെയ്തത്. ഇതിൽ പി.കെ. ഫിറോസിന് 95,164 വോട്ടും എൽ.ഡി.എഫ് സ്വതന്ത്രനായ സലീം മടവൂരിന് 58,482 വോട്ടും എൻ.ഡി.എയുടെ ഗിരി പാമ്പനാലിന് 9,832 വോട്ടുമാണ് ലഭിച്ചത്.
എൽ.ഡി.എഫ് സ്ഥാനാർഥി സലിം മടവൂരിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഇടതുമുന്നണിയുടെ മോഹങ്ങൾക്കാണ് കൊടുവള്ളിയിലെ വോട്ടർമാർ തിരിച്ചടി നൽകിയത്. നരിക്കുനി, മടവൂർ, കൊടുവള്ളി, കട്ടിപ്പാറ പഞ്ചായത്തുകളിൽ സലിം മടവൂരിനുള്ള വ്യക്തിപരമായ സ്വാധീനം വോട്ടായി മാറുമെന്നും ഈ മേഖലകളിലെ ലീഡ് വഴി വിജയിക്കാമെന്നുമായിരുന്നു എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പ്രചാരണത്തിലുടനീളം എൽ.ഡി.എഫ് പ്രകടിപ്പിച്ച ആത്മവിശ്വാസം വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ അപ്രത്യക്ഷമായി. തങ്ങളുടെ ഉറച്ച കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർന്നത് ഇടതു ക്യാമ്പിനെ ഞെട്ടിച്ചു. യുവ വോട്ടർമാരുടെ വലിയ പിന്തുണയും സജീവമായ പ്രചാരണ പരിപാടികളും ഫിറോസിന് അനുകൂലമായ കാറ്റ് വീശാൻ കാരണമായി. സർക്കാറിനെതിരെയുള്ള വികാരം വോട്ടായി മാറ്റുന്നതിൽ യു.ഡി.എഫ് സംവിധാനം വിജയിച്ചു. മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും താഴെത്തട്ടിലുള്ള ഐക്യവും ചിട്ടയായ പ്രവർത്തനവും വിജയത്തിന്റെ ആക്കം കൂട്ടി.
വിജയവിവരം പുറത്തുവന്നതോടെ കൊടുവള്ളി നഗരം യു.ഡി.എഫ് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. വാദ്യമേളങ്ങളുടെയും പച്ചപ്പടക്കങ്ങളുടെയും അകമ്പടിയോടെ പ്രവർത്തകർ വിജയാഘോഷം തെരുവുകളിലേക്ക് പകർന്നു. വിജയിച്ച പി.കെ. ഫിറോസ് മണ്ഡലത്തിലുള്ളവർക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള വാഹന പര്യടനം നടത്തി. രാത്രി കൊടുവള്ളിയിൽ സമാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തോറ്റമ്പിയ എൽ.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിലും നേരിട്ട കനത്ത പരാജയം വലിയ രാഷ്ട്രീയ ആത്മപരിശോധനക്ക് വഴിതുറക്കുന്നതാണ്. മണ്ഡലം നിലനിർത്താൻ കഴിഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
ഇത് കൊടുവള്ളിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിജയമാണ്. വിദ്വേഷ രാഷ്ട്രീയത്തിനും ദുർ ഭരണത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണിത്. കൊടുവള്ളിയെ ഇക്കാലമത്രയും ഇടതുപക്ഷം അവഗണിക്കുകയായിരുന്നു. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായിരിക്കും വരും വർഷങ്ങളിൽ മുൻഗണന നൽകുകയെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.