ജില്ലയിൽ തീർപ്പാക്കാൻ റവന്യൂ വകുപ്പിൽ 1.5 ലക്ഷത്തോളം ഫയലുകൾ

കോഴിക്കോട്: ജില്ലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ സെപ്റ്റംബർ 15നകം തീർപ്പാക്കാൻ നിർദേശം. തീർപ്പാക്കാനുള്ള ഫയലുകളെപ്പറ്റിയുള്ള അവലോകന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്യോഗസ്ഥർക്ക് ഈ നിർദേശം നൽകിയത്. ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് റവന്യൂ, പഞ്ചായത്ത്, വിദ്യാഭ്യാസം, സഹകരണം, വ്യവസായം, പട്ടികജാതി, മൃഗസംരക്ഷണം, സിവിൽ സപ്ലൈസ്, ഫോറസ്റ്റ്, കൃഷി എന്നീ വകുപ്പുകളിലാണ്. തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ്-താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ വേഗം ഫയൽ തീർത്താലാണ് പൊതുജനങ്ങൾക്ക് ആശ്വാസമാവുകയെന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി.

റവന്യൂ ഓഫിസുകളിൽ മാത്രം മൊത്തം 1,49,436 ഫയലുകളുണ്ട്. ഇതിൽ 20 ശതമാനം ഫയലുകൾ തീർപ്പാക്കിയതായി ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്ന വകുപ്പിന്‍റെ മേധാവികൾ ഇതുവരെയുള്ള നടപടികൾ യോഗത്തിൽ അറിയിച്ചു. പഞ്ചായത്തുകളിൽ മാത്രം 50,000 ഫയലുള്ളതിൽ 32,000 എണ്ണം തീർപ്പാക്കിയെന്നാണ് കണക്ക്. ഇത് 60 ശതമാനത്തിനു മുകളിൽ വരും. ജില്ല വ്യവസായകേന്ദ്രത്തിൽ 4182 ഫയലിൽ 13 ശതമാനമേ തീർക്കാനായുള്ളൂ. ജില്ല ഫോറസ്റ്റ് ഓഫിസ് പരിധിയിൽ 3786 ഫയലുള്ളതിൽ തീർത്തവയുടെ കണക്ക് നൽകിയിട്ടില്ല. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷനു കീഴിൽ 9212 ഫയലിൽ 2940 എണ്ണം മാത്രമേ തീർപ്പാക്കാനായുള്ളൂ.

മറ്റു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം (ബ്രാക്കറ്റിൽ തീർപ്പായവ): സഹകരണ വകുപ്പ് 2620 (354 പഴയ ഫയലും 531 പുതിയ ഫയലും). കോഴിക്കോട് കോർപറേഷൻ 6600 (6138). നോട്ടീസ് നൽകിയിട്ടും ഹാജരാവാത്ത ഫയലുകളും കോർപറേഷൻ തീർപ്പാക്കിയവയിൽപെടുന്നു. പട്ടികജാതി വികസന വകുപ്പ് 2985 (605). റൂറൽ പൊലീസ് 3899 (1208), മൃഗസംരക്ഷണ വകുപ്പ് 2084 (1080) സിവിൽ സപ്ലൈസ് 9451 (5902). പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസ് 9346 (5359).

Tags:    
News Summary - About 1.5 lakh files in the revenue department to be settled in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.