അഗ്നി സുരക്ഷിതമല്ലാത്ത ബഹുനില കെട്ടിടങ്ങൾക്കെതിരെ നടപടിയില്ല

കോഴിക്കോട്: ജില്ലയിലെ ബഹുനില കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ സംബന്ധിച്ച ഫയർ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിയതായി ആക്ഷേപം. ജനുവരിയിൽ ചേർന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തിലെ ആവശ്യപ്രകാരം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയായിരുന്നു ജില്ലയിലെ മുഴുവൻ ബഹുനില കെട്ടിടങ്ങളുടെയും ഫയർ ഓഡിറ്റ് ഉടൻ പൂർത്തിയാക്കി ന്യൂനതകൾ കണ്ടെത്തി റിപ്പോർട്ട് നൽകാൻ ജില്ല അഗ്നിസുരക്ഷാസേനക്ക് നിർദേശം നൽകിയത്.

മൂന്നു മാസത്തോളം നീണ്ട പരിശോധനയിൽ 140 ബഹുനില കെട്ടിടങ്ങൾക്ക് മതിയായ അഗ്നിസുരക്ഷ സംവിധാനങ്ങളില്ലെന്നാണ് കണ്ടെത്തിയത്. ഇക്കാര്യം നേരത്തെ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ജില്ല ഭരണകൂടത്തിന്‍റെ പക്കലുള്ള റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാത്തതാണ് പരാതികൾക്കിടയാക്കുന്നത്. അഗ്നിസുരക്ഷിതമല്ലാത്തവയിൽ 107 കെട്ടിടങ്ങൾ നഗരപരിധിയിലും 33 എണ്ണം റൂറൽ മേഖലയിലുമാണ്.

നിർമാണസമയത്ത് കെട്ടിടനമ്പറടക്കം ലഭിക്കാൻ സ്ഥാപിച്ച സുരക്ഷാസംവിധാനങ്ങൾ പല കെട്ടിടത്തിലുമുണ്ടെങ്കിലും ഇവ പുതുക്കിയിട്ടില്ല. മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ഉൾപ്പെടെ വാങ്ങണമെന്നാണ് ചട്ടം. എന്നാൽ, ഈ നിബന്ധനയാണ് മിക്കവരും പാലിക്കാത്തത്. പരിശോധന നടത്തിയ ചില കെട്ടിടങ്ങളിൽ ഫയർ ഹൈഡ്രന്‍റുകളടക്കം പ്രവർത്തനരഹിതമാണെന്നും കണ്ടെത്തിയിരുന്നു.

ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിലിന്‍റെ നേതൃത്വത്തിൽ ഉയരം അടിസ്ഥാനമാക്കി കെട്ടിടങ്ങളെ 16 -24, 24 -40, 40 -60, 60 മീറ്ററിന് മുകളിൽ എന്നിങ്ങനെ നാല് കാറ്റഗറിയായി തിരിച്ചായിരുന്നു പരിശോധന. നഗരപരിധിയിൽ കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നീ അഗ്നിരക്ഷാ സ്റ്റേഷനുകളുടെ പരിധിയിലായി 250 കെട്ടിടങ്ങളാണ് പരിശോധിച്ചത്. ഇവയിൽ 107 കെട്ടിടങ്ങളാണ് അഗ്നിസുരക്ഷ സംവിധാനങ്ങൾ പുതുക്കിയില്ലെന്ന് കണ്ടെത്തിയത്. ഈ കെട്ടിടങ്ങളിൽ മൂന്നെണ്ണം 60 മീറ്ററിന് മുകളിൽ ഉയരമുള്ളവയാണ്. 37 എണ്ണം 16 മീറ്ററിനും 46 എണ്ണം 24 മീറ്ററിനും 21 എണ്ണം 40 മീറ്ററിനും മുകളിൽ ഉയരമുള്ളവയാണ്. സിറ്റി പരിധിക്ക് പുറത്ത് മുക്കം, വടകര, കൊയിലാണ്ടി, പേരാമ്പ്ര അഗ്നിരക്ഷാസേന ഓഫിസ് പരിധിയിൽ 33 കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ സംവിധാനവും പുതുക്കിയിട്ടില്ല. ഫ്ലാറ്റുകളിലും വാണിജ്യകെട്ടിടങ്ങളിലും ഫയർ ഹൈഡ്രന്‍റുകൾ പ്രവർത്തിക്കുന്നില്ലെന്നതിനുപുറമെ, അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് പെട്ടെന്ന് കെട്ടിടത്തിന്‍റെ മുറ്റംവരെ എത്താൻ കഴിയണമെന്നതടക്കമുള്ള നിബന്ധനകളും പലയിടത്തും പാലിക്കപ്പെടുന്നില്ല.

കെട്ടിടത്തിന്‍റെ പുറം ഭാഗത്തുകൂടിയുള്ള കോണിപ്പടികളിൽ (ഫയർ എക്സിറ്റ്) തടസ്സങ്ങളടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു. അഗ്നിസുരക്ഷ സംവിധാനം പൂർണ പരാജയമായ ചില കെട്ടിടങ്ങളുടെ വിവരങ്ങളടക്കമുള്ള വിശദ റിപ്പോർട്ട് ജില്ല കലക്ടറുടെ പരിഗണനയിലാണുള്ളത്. നേരത്തെയും അഗ്നിരക്ഷാസേന സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ പട്ടിക സമർപ്പിച്ചിരുന്നുവെങ്കിലും ജില്ല ഭരണകൂടം തുടർ നടപടി സ്വീകരിച്ചിരുന്നില്ല.

Tags:    
News Summary - A fire audit found 140 buildings in the district were unsafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.