കോഴിക്കോട്: വയോജന-ഭിന്നശേഷി സൗഹൃദനഗരത്തിനായി കോഴിക്കോട് നഗരസഭ നടപ്പാക്കുന്ന ‘സമന്വയ’ പദ്ധതി ആദ്യഘട്ട സർവേ റിപ്പോർട്ടിന് നഗരസഭ കൗൺസിലിന്റെ അംഗീകാരം. മേയർ ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗം സമന്വയ പദ്ധതി സർവേ കരട് റിപ്പോർട്ട് പാസാക്കി. സർവേയിൽ ഉൾപ്പെട്ടത് 56,878 പേരാണ്. പൂർണമായി കിടപ്പുരോഗികളായ 1388 പേരും ഗുരുതര രോഗബാധിതരായി വീടുകളിൽ കഴിയുന്ന 1150 പേരും 60 വയസ്സിന് മുകളിലുള്ള 50,180 പേരും ഭിന്നശേഷിക്കാരായി 4160 പേരുമാണുള്ളത്.
കിടപ്പുരോഗികളിലും, ഗുരുതര രോഗങ്ങളാൽ വീടുകളിൽതന്നെ താമസിക്കുന്നവരിലും 60ന് മുകളിലുള്ളവരിലും കൂടുതൽ സ്ത്രീകൾതന്നെയാണ്. കിടപ്പുരോഗികളിൽ 60 ശതമാനം സ്ത്രീകളാണ്. 18ന് താഴെ 29 പേരുണ്ട്. പരസഹായമില്ലാതെ157 പേർ പ്രയാസം അനുഭവിക്കുന്നു. കുടുംബങ്ങളൊന്നിച്ച് പുറത്തുപോകാൻ 77 ശതമാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും 27.7 ശതമാനത്തിനേ സാധിക്കുന്നുള്ളൂ. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയാണ് തടസ്സം.
കിടപ്പുരോഗികളിൽ 916 പേർക്കും ഗുരുതര രോഗംമൂലം പ്രയാസപ്പെടുന്ന 663 പേർക്കും പാലിയേറ്റിവ് പരിചരണം ലഭിക്കുന്നില്ല. 60ന് മുകളിൽ പങ്കാളികളില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവർ 13,250 പേരുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളാണ്. ഒറ്റപ്പെട്ട് കഴിയുന്നത് നിരവധി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്ന് സർവേ അഭിപ്രായപ്പെടുന്നു. 18,144 പേർ മരുന്ന് വാങ്ങാനും ചികിത്സക്കും പണമില്ലാതെയും വലയുന്നു. ഭിന്നശേഷിക്കാരിൽ കൂടുതലും പുരുഷന്മാരാണ്, 57.2 ശതമാനം. ഇതിൽ 54 ശതമാനത്തിലധികം പേർക്കും കുടുംബത്തിന്റേയോ മറ്റുള്ള ബന്ധുക്കളുടേയോ സാമ്പത്തിക പിന്തുണയോ സഹായമോ ലഭിക്കുന്നില്ല.
സമന്വയ പദ്ധതിയുടെ കരട് സർവേക്ക് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒരുപോലെ കൈയടി നൽകി. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ആവശ്യങ്ങളറിയിക്കാനായി സംവിധാനം ഒരുക്കണമെന്നും കോർപറേഷൻ നൽകിയ ഉപകരണങ്ങൾ കേടായാൽ നന്നാക്കാൻ ക്യാമ്പുകൾ നടത്തണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത ആവശ്യപ്പെട്ടു. ഫിസിയോതെറപ്പി ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങളിൽ അവശ്യസേവനങ്ങൾ നൽകണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. ജയശ്രി പറഞ്ഞു. ചർച്ചയിൽ നവ്യ ഹരിദാസ്, എസ്.കെ അബൂബക്കർ, കെ. മൊയ്തീൻ കോയ തുടങ്ങിയവർ പങ്കെടുത്തു.
വയോജന-ഭിന്നശേഷി സൗഹൃദനഗരത്തിനായി മരുന്ന്, ഭക്ഷണം, ഉപകരണവിതരണം, വിനോദം എന്നിവ ഊർജിതപ്പെടുത്തും. ഭൂരിഭാഗം വയോജനങ്ങളും താൽപര്യമുണ്ടെങ്കിലും പല കാരണങ്ങളാൽ വിനോദത്തിനായി സമയം ചെലവഴിക്കുന്നത് കുറവാണ്. ഇത് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയിൽ നഗരകാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ പറഞ്ഞു. ഇതിനായി ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചിട്ടുണ്ട്.
ഒരു ദിവസം ഒരു വാർഡിലെ 40 പേരെയെങ്കിലും നഗരകാഴ്ചകൾ കാണിക്കാനാണ് തീരുമാനം. പാലിയേറ്റിവ് കെയർ സംവിധാനം മെച്ചപ്പെടുത്താൻ സർക്കാറിനോട് രണ്ട് യൂനിറ്റ് അധികം നൽകാൻ ആവശ്യപ്പെടുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നിലവിൽ കോർപറേഷന് ഒരു പാലിയേറ്റിവ് യൂനിറ്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.