ഉളേള്യരി: കൃഷി, ദാരിദ്ര്യ ലഘൂകരണം, ടൂറിസം, തൊഴിൽ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന ബജറ്റിന് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നൽകി.
പ്രസിഡൻറ് പി. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് പ്രിയ പുനത്തിൽ ബജറ്റ് അവതരിപ്പിച്ചു. 48,25,61518 രൂപ വരവും 46,36,70014 രൂപ ചെലവും 1,88,91504 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയിൽ സമഗ്രമായ പുരോഗതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ടൂറിസം പ്രമോഷന്റെ ഭാഗമായി പുഴയോരങ്ങളിൽ വിവിധങ്ങളായ പഴവർഗ കൃഷി നടത്താനും ഓണത്തിനായി പൂകൃഷി വ്യാപിക്കാനും തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാനും ബജറ്റിൽ തുക നീക്കിവെച്ചിറ്റുണ്ട്.
മൊത്തം 1,08,66000 രൂപയാണ് കൃഷിക്ക് വകയിരുത്തിയത്. ദാരിദ്ര്യ നിർമാർജ്ജനത്തിനും തൊഴിൽ മേഖലക്കും വിശപ്പുരഹിത ഉള്ള്യേരി പദ്ധതിക്കുമായി 12,92,00000 രൂപ നീക്കി വെച്ചു.
റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസനത്തിന് 4,52,00000 രൂപയും പാർപ്പിട മേഖലക്ക് 4,91,75000 രൂപയും സോളാർ തെരുവുവിളക്ക്, സിറ്റിസൺ ഫെസിലിറ്റേഷൻ സെൻറർ, എ.ബി.സി പദ്ധതി, തെരുവുനായ്ക്കൾക്ക് ഷെൽട്ടർ, ഓപ്പൺ ജിം എന്നിവക്കായി 1,01,02860 രൂപയും ഉൾപ്പെടുത്തി. വില്ലേജ് ടൂറിസം പ്രമോഷൻ കൗൺസിലും ദുരന്തനിവാരണത്തിനായി റാപ്പിഡ് ടാസ്ക് ഫോഴ്സും രൂപീകരിക്കും.
ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിന് പുറമെ സ്മാർട്ട് ഹോം ക്ലീനിംഗ് യന്ത്രം ലഭ്യമാക്കാനും ജൈവ മാലിന്യങ്ങളിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. ഷാജു ചെറുക്കാവിൽ, സുഗമ ഹരിദാസ്, ബിന്ദു താന്നിക്കൽ, സതീഷ് കന്നൂര്, കൃഷ്ണൻ കൂവിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.