ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പ്പാ​ലം പ​ണി പു​രോ​ഗ​മി​ക്കു​ന്നു

ഇനി കുരുക്കില്ലാതെ കുതിക്കാം

ഫറോക്ക്: പതിറ്റാണ്ടുകളായി യാത്രക്കാർ അനുഭവിച്ചുപോന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായായിരുന്നു മീഞ്ചന്തയിലും ചെറുവണ്ണൂരിലും മേൽപാലമെന്ന ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം. പ്രഖ്യാപനം കഴിഞ്ഞ് അധികം വൈകാതെ നാട്ടുകാർ കണ്ടത് അതിനുവേണ്ടിയുള്ള മന്ത്രിയുടെ ഇടപെടലുകളായിരുന്നു. മീഞ്ചന്തയിലും ചെറുവണ്ണൂരിലും മേൽപാലം നിർമിക്കാൻ തുക വകയിരുത്തുക മാത്രമല്ല, ചെറുവണ്ണൂരിൽ ഉടൻ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. ദ്രുതഗതിയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. രാമനാട്ടുകര മുതൽ കോഴിക്കോടുവരെ കുരുക്കില്ലാതെ എത്തിപ്പെടാൻ ചെറുവണ്ണൂർ, മീഞ്ചന്ത മേൽപാലങ്ങളുടെ വരവോടെ സാധ്യമാകും. പുതിയ റോഡുകളും പാലങ്ങളും നിർമിക്കാൻവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുൾപെടെ 975 കോടിയാണ് ബേപ്പൂർ മണ്ഡലത്തിൽ വകയിരുത്തിയിട്ടുള്ളത്. 89.20 കോടി വകയിരുത്തിയാണ് ചെറുവണ്ണൂർ മേൽപാലത്തിന്റെ നിർമാണം അരംഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പുരോഗമിക്കുന്ന പാലം ഏതാനും മാസങ്ങൾക്കകം ഗതാഗത സജ്ജമാകും.

45.52 കോടി ചെലവഴിച്ച് ചെറുവണ്ണൂർ-കൊളത്തറ റോഡ് വീതി കൂട്ടി നവീകരിച്ച് നാടിനുസമർപ്പിച്ചതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കുരുക്കിനാണ് അറുതിയായത്. 170 കോടിയാണ് മീഞ്ചന്ത മേൽപാലം നിർമാണത്തിന് നീക്കിവെച്ചത്. പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയാക്കിയതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉടൻ നിർമാണം ആരംഭിക്കും. ചെറുവണ്ണൂർ, മീഞ്ചന്ത മേൽപാലങ്ങൾ പൂർത്തിയാകുന്നതോടെ പഴയ ദേശീയപാതയിലൂടെ കുരുക്കില്ലാതെ യാത്രചെയ്യാം. അരീക്കാട് മേൽപ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തി അവസാന ഘട്ടത്തിലെത്തി. ഇനി സ്ഥലമുടമകൾക്ക് പണം കൈമാറുന്ന ഘട്ടമാണുള്ളത്. ഇതുകഴിഞ്ഞാൽ പാലം നിർമാണം ആരംഭിക്കും. വട്ടക്കിണർ മുതൽ രാമനാട്ടുകര വരെ നാലുവരിപാതയായി വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സർവേ നടപടികളും പൂർത്തിയായി. 24 മീറ്റർ വീതിയിൽ 9.36 കി.മീറ്റർ ദൂരമാണ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. 3.81 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 125.86 കോടിയും റോഡ് നിർമാണത്തിന് 113.1 കോടിയും വകയിരുത്തിയിട്ടുണ്ട്. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ മരാമത്ത് വിഭാഗം, റവന്യൂ വകുപ്പുമായി സഹകരിച്ച് തുടർ നടപടികൾ കൈക്കൊള്ളും. ഇതിനുശേഷമാകും ഔദ്യോഗിക വിജ്ഞാപനമുണ്ടാവുക. രാമനാട്ടുകര-വട്ടക്കിണർ-ബേപ്പൂർ സീപോർട്ട് എയർപോർട്ട് റോഡ് നവീകരണത്തിന് 450.56 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫറോക്ക്പേട്ട ജങ്ഷൻ നവീകരണവും നടക്കുന്നതോടെ കുരുക്കുകൾ മാറി ഈ റൂട്ടിൽ ഗതാഗതം സുഗമമാകും. 7 കോടിരൂപയാണ് കിഫ്ബി വഴി ഇതിന് വകയിരുത്തിയിരിക്കുന്നത്. മന്ത്രി പ്രത്യേക താൽപ്പര്യമെടുത്താണ് സംസ്ഥാനത്ത് ആധുനിക രീതിയിൽ നടപ്പാക്കുന്ന നാല് ജങ്ഷനുകളിൽ ഒന്നായി ഫറോക്ക് പേട്ട തെരഞ്ഞെടുത്തത്.

Tags:    
News Summary - Now we can jump without any problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.