വടകര മിനി സിവിൽ സ്റ്റേഷനിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു
വടകര: മിനി സിവിൽ സ്റ്റേഷനിൽ 15ഓളം ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധ. എക്സൈസ് ഓഫിസ്, അസി. എജുക്കേഷൻ ഓഫിസ് എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
മിനി സിവിൽ സ്റ്റേഷൻ പരിസരം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നഗരസഭ ജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പല ഓഫിസുകളും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കോടതി സമുച്ചയം ഉൾപ്പെടെ 60ലധികം ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് ഓഫിസ് പരിസരം മുതൽ ആർ.ടി.ഒ ഓഫിസ്, സിവിൽ സപ്ലൈസ് ഓഫിസ് വരെയുള്ള ഇടവഴിയിൽ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എക്സൈസ് പിടികൂടുന്ന വാഹനങ്ങളും വാറ്റ് ഉപകരണങ്ങളും അലക്ഷ്യമായി കൂട്ടിയിട്ട നിലയിലായിരുന്നു. ദിനംപ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നത്. ഇതിനിടയിലാണ് മാലിന്യം കെട്ടിക്കിടന്നത്.
നഗരസഭയുടെ ആരോഗ്യ വിഭാഗം സിവിൽ സ്റ്റേഷനിൽ ഡെങ്കിപ്പനി ബോധവത്കരണവും ഒന്തം റോഡ്, അശോക തിയറ്റർ പരിസരം, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഫോഗിങ്ങും നടത്തി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരിസര ശുചിത്വവും ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കുന്നതിന് ഓഫിസുകൾക്ക് ക്ലീൻ സിറ്റി മാനേജർ കെ.പി. രമേശൻ നിർദേശം നൽകി.
പരിശോധന കർശനമാക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കേരള മുൻസിപ്പൽ ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. ശുചീകരണത്തിന് നഗരസഭ ആരോഗ്യവിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ശ്രീമ, ടി. അനിൽകുമാർ, പി. അജിന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.