കാണാതായ 14കാരൻ തട്ടിക്കൊണ്ടുപോയ ആൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ; ബന്ധു കൈയോടെ പിടികൂടി

കൽപകഞ്ചേരി: പുത്തനത്താണിയില്‍നിന്ന് കാണാതായ 14കാരനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കുട്ടിയോടൊപ്പമുണ്ടായിരുന്ന ആൾക്കെതിരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് കേസെടുത്തു. ഈ മാസം 18നാണ് പുത്തനത്താണിയിലെ ദർസിൽ പഠിക്കുന്ന താനൂർ ചീരാൻകടപ്പുറം സ്വദേശിയായ 14കാരനെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ കൽപകഞ്ചേരി സ്റ്റേഷനിൽ പരാതി നല്‍കി.

14കാരന്‍റെ ബന്ധു കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ കുട്ടി മറ്റൊരാളോടൊപ്പം പോകുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് അയാളെ ചോദ്യം ചെയ്തപ്പോൾ സംശയകരമായ മറുപടി ലഭിച്ചതിനെത്തുടർന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി കുട്ടിയോടൊപ്പമുണ്ടായിരുന്ന കാസർകോട് ചെർക്കള സ്വദേശി ചെങ്കള അബ്ബാസിനെ (47) അറസ്റ്റ് ചെയ്തു. പ്രതിയെ കൽപകഞ്ചേരി പൊലീസിന് കൈമാറി.

കോഴിക്കോട് കൊടുവള്ളിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടി അവിടെനിന്ന് പിറ്റേ ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനില്‍ അബ്ബാസ് പരിചയപ്പെട്ട് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിക്കെതിരെ മറ്റു വകുപ്പുകള്‍കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കൽപകഞ്ചേരി എസ്.ഐ എ.എം. യാസിർ, എ.എസ്.ഐ രവി, ദേവയാനി, ഷെറിൻ ബാബു എന്നിവർക്കാണ് അന്വേഷണ ചുമതല.

Tags:    
News Summary - 14-year-old missing from Puttanathani found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.