സ്കൂൾ വാഹനങ്ങളുടെ പരിശോധന: 152 സ്കൂൾ വാഹനങ്ങൾക്ക് സർവിസ് നടത്താൻ അനുമതിയില്ല

വടകര: മോട്ടോർ വാഹന വകുപ്പ് മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 152 സ്കൂൾ വാഹനങ്ങൾ സർവിസ് നടത്താൻ യോഗ്യമല്ലെന്ന് കണ്ടെത്തി. 260 ഓളം വാഹനങ്ങൾ പരിശോധിച്ചതിൽ 108 വാഹനങ്ങൾക്ക് സർവിസ് നടത്താനുള്ള അനുമതി നൽകി. സുരക്ഷ മാനദണ്ഡങ്ങളും ജി.പി.എസ് സംവിധാനവും ഇല്ലാത്ത വാഹനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. അനുമതി നൽകാത്ത വാഹനങ്ങൾ സർവിസ് നടത്തരുതെന്ന് വടകര ആർ.ടി.ഒ സി.വി.എം ശരീഫ് അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പഴകിയത് പുതുമോടിയിലാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനെത്തിയ വാഹനങ്ങൾ നിരവധിയാണ്. യാന്ത്രിക ക്ഷമത, ബ്രേക്ക് സംവിധാനം, തീ കെടുത്താനുള്ള സൗകര്യം, സീറ്റിങ്, ജി.പി.എസ്, വേഗനിയന്ത്രണ സംവിധാനം തുടങ്ങിയവയെല്ലാം പരിശോധനക്ക് വിധേയമാക്കി. കുട്ടികളെ കയറ്റാനും ഇറക്കാനും റോഡ് മുറിച്ചു കടക്കാനുമായി സ്കൂൾ ബസുകളിൽ സഹായി ഉണ്ടാകണം. അനുവദിച്ച പരിധിയിൽ കവിഞ്ഞ് കുട്ടികളെ വാഹനങ്ങളിൽ കയറ്റരുത്. ഡ്രൈവർമാർക്ക് പത്തുവർഷം മുൻപരിചയം ഉണ്ടാകണം. കുട്ടികളെ അമിതമായി കുത്തി നിറച്ച വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വരും ദിവസങ്ങളിൽ കർശന പരിശോധനകൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.