കിനാലൂർ ഗവ.യു.പി സ്കൂളിന് ഐ.എസ്.ഒ അംഗീകാരം; പ്രഖ്യാപനം മേയ് ഏഴിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും

ബാലുശ്ശേരി: കിനാലൂർ ഗവ. യു.പി സ്കൂളിന് ഐ.എസ്.ഒ. അംഗീകാരം. ജില്ലയിൽ ഈ പദവി ലഭിക്കുന്ന ആദ്യത്തെ വിദ്യാലയമാണ് കിനാലൂർ ജി.യു.പി സ്കൂൾ. ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിലുള്ള മികവിന്റെയും പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ മികവിന്റെയും അടിസ്ഥാനത്തിലാണ് സ്കൂൾ ഐ.എസ്.ഒ അംഗീകാരത്തിന് അർഹത നേടിയത്. പുതുതായി നിർമിച്ച ഇരുനില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ, ലൈബ്രറി, ലാബ് എന്നിവക്ക് പ്രത്യേകം വിഭാഗം തന്നെയുണ്ട്. മാലിന്യ സംസ്കരണത്തിനായി പ്രത്യേക സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ പി.ടി.എ, മാതൃ സമിതി, സ്കൂൾ വികസന സമിതി എന്നിവയുടെ കൂട്ടായ പ്രവർത്തനം സ്കൂളിന് നേട്ടമായിട്ടുണ്ട്. 1919ൽ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടം പിന്നീട് ബോർഡ് സ്കൂളായും തുടർന്ന് സർക്കാർ ഏറ്റെടുത്ത് യു.പി സ്കൂളായും ഉയർന്നു. 370ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പ്രധാന അധ്യാപകനടക്കം 14ഓളം അധ്യാപകരും ഇവിടെയുണ്ട്. മേയ് ആറിന് ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിൽ വെച്ച് ഐ.എസ്.ഒ. അംഗീകാര പ്രഖ്യാപനം നടത്തും. അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രഖ്യാപന പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘ രൂപവത്കരണ യോഗം 30ന് പകൽ മൂന്നിന് കിനാലൂർ ഗവ.യു.പി സ്കൂളിൽ വെച്ചു ചേരുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അറിയിച്ചു. Photo: ജില്ലയിൽ ആദ്യമായി ഐ.എസ്.ഒ. അംഗീകാരം നേടിയ കിനാലൂർ ഗവ. യു.പി സ്കൂൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.